കണ്ണൂരിന് അഭിമാനമായി സംഗീത് സാഗർ, മസർ മൊയ്തു
text_fieldsതലശ്ശേരി: ആഗസ്റ്റ് 24 മുതൽ ഗുജറാത്തിലെ അഹമദാബാദിൽ ആരംഭിക്കുന്ന 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ റിലയൻസ് ഓൾ ഇന്ത്യ ഇൻവിറ്റേഷൻ ലീഗ് കം നോക്കൗട്ട് ത്രിദിന ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് കണ്ണൂർക്കാരനായ സംഗീത് സാഗർ തെരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരിക്കാരനായ ഒ.വി. മസർ മൊയ്തുവാണ് ടീമിന്റെ മുഖ്യപരിശീലകൻ. 12 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ബറോഡ, ബംഗാൾ, മുംബൈ എന്നീ ടീമുകളടങ്ങിയ ഗ്രൂപ് ബി യിലാണ് കേരളം. 24ന് മുംബൈയുമായും 28ന് ബറോഡയുമായും സെപ്റ്റംബർ ഒന്നിന് ബംഗാളുമായും കേരളം ഏറ്റുമുട്ടും. സെപ്റ്റംബർ അഞ്ചിന് സെമി ഫൈനലും ഒമ്പതിന് ഫൈനലും നടക്കും.
ഓപണിങ് ബാറ്റ്സ്മാനായ സംഗീത് സാഗർ കഴിഞ്ഞ വർഷം 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ബി.സി.സി.ഐ കുച്ച് ബെഹാർ ട്രോഫിക്ക് വേണ്ടിയുള്ള കേരള ടീമിലും 2022 -23 സീസണിൽ ബി.സി.സി.ഐയുടെ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിജയ് മെർച്ചന്റ് ട്രോഫിയിലും കേരള ടീമംഗമായിരുന്നു. അന്ന് മണിപ്പൂരിനെതിരെ 170 റൺസും വിദർഭക്കെതിരെ 132 റൺസുമെടുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് താരമായ സംഗീത് സാഗർ 2023ൽ രാജസ്ഥാൻ റോയൽസ് ജൂനിയർ ടീം പരിശീലന ക്യാമ്പിലേക്കും നാഷനൽ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തലശ്ശേരി കോട്ടയം പൊയിൽ എടത്തിൽ ഹൗസിൽ വി. ഗിരീഷ് കുമാറിന്റെയും കെ.കെ. ഷിജിനയുടെയും മകനാണ്. തലശ്ശേരി സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ 12ാം ക്ലാസ് ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്.
ബി.സി.സി.ഐ ലെവൽ ബി പരിശീലകനായ മസർ മൊയ്തു 2024 ഏപ്രിൽ, മേയ് മാസങ്ങളിൽ ആന്ധ്രാപ്രദേശിലെ അനന്ത്പൂരിൽ നടന്ന നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഹൈ പെർഫോർമൻസ് ക്യാമ്പിലും 2022, 2023 വർഷങ്ങളിൽ നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ എൻ.സി.എ ക്യാമ്പിലും ഫീൽഡിങ് പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018-19 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ സെമി ഫൈനലിൽ പ്രവേശിച്ച കേരള ടീമിന്റെയും 2017 -18 സീസണിൽ രഞ്ജി ട്രോഫിയിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച കേരള ടീമിന്റെയും സഹപരിശീലകനായിരുന്നു. നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ഫീൽഡിങ്ങ് വിഭാഗത്തിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ കേരള ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു മസർ. 2012 -13 ൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച അക്കാദമി പരിശീലകനുള്ള അവാർഡ് നേടി. കണ്ണൂർ സർവകലാശാല ടീം ക്യാപ്റ്റനായിരുന്നു. സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ, ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി സ്റ്റുഡന്റ്സ് സ്പോർട്ടിങ്ങ് ക്ലബ്, തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്, തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ് എന്നീ ടീമുകൾക്ക് വേണ്ടി ജില്ല ലീഗ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.