തലശ്ശേരിയിൽ വല നിറച്ച് മത്തി
text_fieldsതലശ്ശേരി: കോരിച്ചൊരിയുന്ന മഴയത്ത് ചെമ്മീൻ ചാകരക്ക് പിന്നാലെ തീൻമേശ നിറക്കാൻ മത്തിയും ഇഷ്ടംപോലെ. ഞായറാഴ്ച രാവിലെ മുതൽ തലശ്ശേരി കടപ്പുറത്ത് മത്തി യഥേഷ്ടമെത്തി. മാർക്കറ്റിൽ മത്തിക്ക് കിലോക്ക് 100 രൂപയായിരുന്നു വില. എന്നാൽ, കടപ്പുറത്ത് തോണിക്കാർ 100 രൂപക്ക് ഒന്നര കിലോ വരെ നൽകി. മുട്ടയുള്ള മത്തിയായതിനാൽ വാങ്ങാൻ ധാരാളം പേർ എത്തി. ഒരാഴ്ച മുമ്പ് കിലോ 260 രൂപയായിരുന്നു മത്തിക്ക്. കഴിഞ്ഞ ദിവസം ഇത് 180 രൂപയിലെത്തി.
ശനിയാഴ്ച വൈകീട്ട് മുതൽ തോണിയിൽ മത്സ്യബന്ധനത്തിനിറങ്ങിയവരാണ് വലനിറയെ മത്തിയുമായി തിരിച്ചെത്തിയത്. വില ഇനിയും കുറയുമെന്നാണ് മത്സ്യവിപണന മേഖലയിലുള്ളവർ പറയുന്നത്.ദിവസങ്ങൾക്കുമുമ്പ് തലശ്ശേരി തലായി ഹാർബറിൽ ചെമ്മീനും സുലഭമായി ലഭിച്ചിരുന്നു. ചെറിയ ചെമ്മീൻ കിലോ 100 രൂപക്കാണ് യഥേഷ്ടം വിറ്റത്. തലശ്ശേരിക്ക് പുറമെ സമീപ പഞ്ചായത്തുകളിലും മത്തിയും ചെമ്മീനും വേണ്ടുവോളം ലഭിച്ചു. കാലവർഷത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ മത്സ്യം ലഭ്യമായതിൽ ആഹ്ലാദത്തിലാണ് ജനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.