സ്കൂൾ തുറക്കാൻ ഒരാഴ്ച; വിപണിയിൽ തിരക്കേറി
text_fieldsതലശ്ശേരി: വേനലവധിക്കുശേഷം വിദ്യാലയങ്ങൾ തുറക്കാൻ ഇനി ഒരാഴ്ച മാത്രം. പുതിയ അധ്യയന വർഷത്തേക്കുള്ള യൂനിഫോമും പഠനോപകരണങ്ങളുമായി മക്കളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ ഇത്തവണയും രക്ഷിതാക്കൾക്ക് ചിലവേറും. പെൻസിൽ മുതൽ ബാഗ് വരെയുള്ള മുഴുവൻ സ്കൂൾ ഉൽപന്നങ്ങൾക്കും പൊള്ളുന്ന വിലയാണ്. എങ്കിലും മക്കളെ നിരാശപ്പെടുത്താൻ രക്ഷിതാക്കൾ തയാറല്ല.
മക്കൾ പറയുന്നതനുസരിച്ച് ബ്രാൻഡഡ് ഉൽപന്നങ്ങൾ തന്നെ വാങ്ങിക്കൊടുക്കാൻ രക്ഷിതാക്കൾ തയാറാവുകയാണ്. നഗരങ്ങളിലും നാട്ടിൻപുറങ്ങളിലുമുള്ള സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുളള ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളിലും സ്കൂൾ ഉൽപന്നങ്ങൾ സ്റ്റോക്ക് ചെയ്ത് ഉപഭോക്താക്കളെ ആകർഷിക്കുന്നു.
കുട്ടികളുമായി എത്തുന്ന രക്ഷിതാക്കളെ വരവേറ്റ് അതിരാവിലെ തന്നെ വ്യാപാര മേഖല ഉണരുകയാണ്. കുട്ടികൾക്ക് പഠനത്തിനാവശ്യമായ എല്ലാ ഉൽപന്നങ്ങൾക്കും 20 മുതൽ 30 ശതമാനം വരെ വില കുതിച്ചുയർന്നിട്ടുണ്ട്. നോട്ടുപുസ്തകങ്ങൾ അടക്കം പലതിനും കഴിഞ്ഞ വർഷത്തേക്കാൾ വില ഉയർന്നു. ഒന്നിലധികം കൂട്ടികളുള്ള രക്ഷിതാക്കളെയാണ് സ്കൂൾ വിപണിയിലെ വിലക്കയറ്റം സാരമായി ബാധിക്കുക.
പുസ്തകങ്ങൾക്ക് 20 ശതമാനം വിലവർധന
ഗുണനിലവാരമുള്ള നോട്ടു പുസ്തകങ്ങൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾക്ക് കഴിഞ്ഞ അധ്യയന വർഷത്തേക്കാൾ 15 മുതൽ 25 ശതമാനം വരെ വില ഉയർന്നിട്ടുണ്ട്. ഗുണമേന്മയുള്ള നോട്ടു പുസ്തകങ്ങൾക്ക് നിലവിലുള്ളതിനേക്കാൾ 20 ശതമാനം കൂടി.
പേപ്പർ ക്ഷാമമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. കോപ്പിയർ പേപ്പറുകൾക്കും 40/50 ശതമാനം വർധനയുണ്ട്. 500 എണ്ണമുള്ള എ 4 കോപ്പിയർ പേപ്പർ ബണ്ടിലിന് നേരത്തെ 200 രൂപയായിരുന്നു. അതിപ്പോൾ 300 രൂപയായി ഉയർന്നു.
അടുത്തകാലത്തായി ഉണ്ടായ പേപ്പർ ക്ഷാമമാണ് നോട്ട് പുസ്തക വിപണിയെയും കാര്യമായി ബാധിച്ചത്. മലേഷ്യയിൽ നിന്നായിരുന്നു ഇന്ത്യയിലേക്ക് പേപ്പർ ഇറക്കുമതി ചെയ്തിരുന്നത്. അവിടെ നിന്നുള്ള ഇറക്കുമതി നിയന്ത്രിച്ചതാണ് വിപണിയിൽ പേപ്പർ വില വർധനവിന് കാരണമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷം 52 രൂപക്ക് വിറ്റ ക്ലാസ്മേറ്റ് ലോങ് നോട്ട് ബുക്കിന് ഇത്തവണ 60 രൂപ വരെയെത്തി.
മറ്റ് കമ്പനിക്കാരുടെ പുസ്തകങ്ങളുടെ വിലയും സമാനമായി വർധിച്ചിട്ടുണ്ട്. പുസ്തകങ്ങൾക്ക് പുറമെ പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ് തുടങ്ങി സകലതിനും വില കൂടിയിട്ടുണ്ട്. 50 രൂപയുണ്ടായിരുന്ന 10 എണ്ണമടങ്ങിയ പെൻസിൽ ബോക്സിന് വില 60 രൂപയായി ഉയർന്നു. അഞ്ച് രൂപയുടെ പേനക്ക് എട്ട് രൂപയായി. പുസ്തകം പൊതിയുന്ന ബ്രൗൺ പേപ്പർ റോളിന് മിനിമം 100 രൂപ നൽകണം. ഇൻസ്ട്രുമെന്റ് ബോക്സുകൾക്കും 10 രൂപ മുതൽ 20 രൂപ വരെ വില ഉയർന്നിട്ടുണ്ട്.
ബാഗും കുടയും വിലയിൽ പിന്നിലല്ല
പഠനമെന്ന കടമ്പയിൽ പുസ്തകങ്ങളെ പോലെ ബാഗ്, കുട, ഷൂസ് എന്നിവയും ഒഴിച്ചു കൂടാനാവാത്തതാണ്. ഇവയും വിലക്കുറവിൽ പിന്നിലല്ല. 20 ശതമാനം മുതൽ ഇവക്കും വില വർധനവുണ്ട്. 450 മുതൽ 1400 രൂപ വരെയുളള സ്കൂൾ/കോളജ് ബാഗുകൾ വിപണിയിലുണ്ട്. ഫോൾഡിങ് കുടകൾക്ക് 275 മുതൽ 400 രൂപ വരെയാണ് വില. ചെറിയ കുട്ടികൾക്കുള്ള ഫാൻസി കുടകൾക്കും 250 കടക്കും.
മുൻവർഷത്തെ അപേക്ഷിച്ച് മാർക്കറ്റിൽ ഇത്തവണ വിവിധ ബ്രാൻഡുകളുടെ കുടകളുടെ സ്റ്റോക്ക് പരിമിതമാണ്. മെറ്റീരിയൽ ക്ഷാമം കാരണം കുട ഉൽപാദനം ബ്രാൻഡഡ് കമ്പനിക്കാർ പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് നഗരത്തിലെ വ്യാപാരി എ.പി.എം. താഹ പറഞ്ഞു. 400 മുതൽ 600 രൂപ വരെയാണ് കുട്ടികളുടെ മഴക്കോട്ടുകൾക്ക്.
വാട്ടർ ബോട്ടിലുകൾക്കും വില ഉയർന്നിട്ടുണ്ട്. സ്റ്റീൽ ബോട്ടിലുകൾക്ക് 300 മുതൽ 800 രൂപ വരെ. 150 മുതൽ 400 രൂപ വരെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വിപണിയിലുണ്ട്. സ്റ്റീൽ ലഞ്ച് ബോക്സുകൾക്ക് 190 മുതൽ 490 രൂപ വരെയും പ്ലാസ്റ്റിക്കിന് 110 മുതൽ 290 രൂപ വരെയും വിലയുണ്ട്. സ്കൂൾ ഷൂസ് ഉൾപ്പെടെയുള്ള പാദരക്ഷകൾക്കും വില ഉയർന്നിട്ടുണ്ട്. കറുപ്പ്, വെള്ള നിറങ്ങളിലുള്ള ഷൂസുകൾക്ക് 300 മുതൽ 499 രൂപ വരെയുണ്ട്. പെൻസിൽ പൗച്ചുകൾക്കും വ്യത്യസ്ത വിലയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.