തലശ്ശേരി ബസ്സ്റ്റാൻഡിൽ യാത്രക്കാർക്ക് ഇരിപ്പിടമായി
text_fieldsതലശ്ശേരി: പുതിയ ബസ്സ്റ്റാൻഡിലെ പാസഞ്ചർ ലോബിയിൽ യാത്രക്കാർക്കായി ഇരിപ്പിടം സജ്ജമായി. രാത്രിയാത്രക്കാരുടെ സുരക്ഷക്കായി വൈദ്യുതി വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
ബസ് കയറാനെത്തുന്ന ഗർഭിണികളുടെയും പ്രായമേറിയവരുടെയും പ്രയാസങ്ങൾ കണക്കിലെടുത്താണ് നഗരസഭ മുൻകൈയെടുത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരി വ്യവസായി സമിതിയുടെയും സഹകരണത്തോടെ പുതിയ 56 കസേരകൾ സജ്ജീകരിച്ചത്. സ്പോൺസർ ചെയ്ത സ്ഥാപനങ്ങളുടെ പേര് കസേരകളുടെ പിറകിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
നാലെണ്ണമടങ്ങുന്ന ഒരു സെറ്റ് വീതം 14 സെറ്റ് കസേരകളാണ് സ്ഥാപിച്ചത്. സി.സി.ടി.വി പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
മുമ്പുണ്ടായിരുന്ന ഇരുമ്പ് കസേരകളിൽ ഭൂരിഭാഗവും സാമൂഹികവിരുദ്ധർ കൊണ്ടുപോയിരുന്നു. ബാക്കിയുള്ള കസേരകൾ പാസഞ്ചർ ലോബിയിലെ ഒരുഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. പാസഞ്ചർ ലോബി നവീകരിച്ച ഘട്ടത്തിലാണ് കസേരകൾ സജ്ജമാക്കിയിരുന്നത്.
എന്നാൽ, മദ്യപാനികളും സാമൂഹികവിരുദ്ധരും ഇവ നശിപ്പിക്കുകയായിരുന്നു. പാസഞ്ചർ ലോബിയിലെ സി.സി.ടി.വി പ്രവർത്തന ക്ഷമമല്ലാത്തതിനാൽ കസേരകൾ നശിപ്പിക്കുന്ന പ്രവണത വർധിച്ചു.
കോവിഡ് കാലത്ത് വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ട സമയത്താണ് കസേരകൾ കൂടുതൽ നശിപ്പിക്കപ്പെട്ടത്. ചിലത് ആരൊക്കെയോ അഴിച്ചുകൊണ്ടുപോയി. രാത്രി ബസ്സ്റ്റാൻഡും പരിസരവും ഇരുട്ടിലാകുന്നതായി യാത്രക്കാർക്ക് പരാതിയുണ്ടായിരുന്നു. രാത്രി പൊലീസ് പരിശോധന പേരിന് മാത്രമായിരുന്നു.
പാസഞ്ചർ ലോബിയിൽ വാച്ച്മാനെ നിയമിക്കും
വാഴയിൽ ശശി (വൈസ് ചെയർമാൻ തലശ്ശേരി നഗരസഭ)
തലശ്ശേരി ബസ്സ്റ്റാൻഡിനകത്ത് സാമൂഹികവിരുദ്ധരെ നിരീക്ഷിക്കാൻ ഒരു നൈറ്റ് വാച്ച്മാനെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങൾ കണ്ടാൽ ഉടൻ പൊലീസിൽ അറിയിക്കും. സ്റ്റാൻഡും പാസഞ്ചർ ലോബിയും പരിപാലിക്കുന്നതിനായി നഗരസഭയുടെ മേൽനോട്ടത്തിൽ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
വ്യാപാരികൾ, ബസ് തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരെല്ലാം കമ്മിറ്റിയിലുണ്ട്. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് കമ്മിറ്റി കൺവീനർ. ബസ്സ്റ്റാൻഡിലെയും പരിസരങ്ങളിലെയും കുറ്റകൃത്യങ്ങൾ തടയാൻ രാത്രികാല പട്രോളിങ് കർശനമാക്കാൻ പൊലീസിനോട് ആവശ്യപ്പെടും.
വ്യാപാരികൾ കൂടെയുണ്ടാകും
പി.കെ. നിസാർ (ജനറൽ സെക്രട്ടറിവ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റ്)
ബസ്സ്റ്റാൻഡും പാസഞ്ചർ ലോബിയും സംരക്ഷിക്കുന്നതിന് നഗരസഭക്കൊപ്പം വ്യാപാരി സമൂഹവും കൈകോർക്കും. ജനോപകാരപ്രദമായ ഏത് പ്രവൃത്തികൾക്കും വ്യാപാരികളിൽനിന്ന് സഹായം ലഭ്യമാക്കും. പാസഞ്ചർ ലോബിയിൽ കസേരകൾ സ്ഥാപിക്കാൻ മുൻകൈയെടുത്തതിന് പുറമെ ചെടിച്ചട്ടികൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ ലൈറ്റുകൾ നൽകാൻ സന്നദ്ധമാണ്. പാസഞ്ചർ ലോബിയിൽ നൈറ്റ് വാച്ച്മാനെ നിയമിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാൻ പൊലീസിനും ഇത് കൂടുതൽ സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.