നവീകരണം കഴിഞ്ഞ് ആറു മാസം; തിരുവങ്ങാട് വില്ലേജ് ഓഫിസ് ഉദ്ഘാടനം നീളുന്നു
text_fieldsതലശ്ശേരി: നവീകരണം കഴിഞ്ഞ് ആറുമാസമായിട്ടും തിരുവങ്ങാട് വില്ലേജ് ഓഫിസ് പ്രവർത്തനക്ഷമമായില്ല. ഉദ്ഘാടനത്തിന് വകുപ്പ് മന്ത്രിയുടെ തീയതി കാത്തിരിക്കുകയാണെന്ന് പുറമെ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും റവന്യൂ ഉദ്യോഗസ്ഥർക്കാർക്കും ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല. നവകേരള സദസ്സ് കഴിഞ്ഞിട്ടും വില്ലേജ് ഓഫിസ് ഉദ്ഘാടനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതൽ ജനത്തിനിടയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എൻ.ഇ. ബാലറാം സ്മാരക മന്ദിരത്തോടുചേർന്ന് റവന്യൂ വകുപ്പിന്റെ സ്വന്തം ഭൂമിയിലാണ് കെട്ടിടം.
മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലായതോടെയാണ് പൊളിച്ചുമാറ്റി അതേസ്ഥലത്ത് പുതിയ കെട്ടിടം നിർമിച്ചത്. 42 ലക്ഷം രൂപയാണ് ചെലവ്. കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തി തുടങ്ങിയത് മുതൽ കീഴന്തിമുക്കിൽ ഡോ. എൻ. രാമറാവുവും കുടുംബവും താമസിച്ച പഴയ ഒരു വീട്ടിലാണ് ഒന്നര വർഷമായി വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്.
പുതുക്കിപ്പണിത ഓഫിസിൽ ഓഫിസർക്കായി ബാത്ത് അറ്റാച്ചോടുകൂടിയ പ്രത്യേക മുറിയും സ്റ്റാഫ് മുറിയും പൊതുജനങ്ങൾക്കുള്ള ഇരിപ്പിടവും സജ്ജീകരിച്ചിട്ടുണ്ട്. റെക്കോർഡുകൾ സൂക്ഷിക്കാനുള്ള മുറി, ഡൈനിങ് ഹാൾ, ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി മൂന്ന് ശൗചാലയങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പെയിന്റിങ്, വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള ജോലികളെല്ലാം നേരത്തേ പൂർത്തിയായി. മുറ്റത്ത് ഇൻറർലോക്ക് വിരിച്ചു. പൂന്തോട്ടവും ഒരുക്കി. നാലര സെന്റ് ഭൂമിയിലുള്ള ഓഫിസിന് കോമ്പൗണ്ട് വാളും ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.