കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു
text_fieldsതലശ്ശേരി: കോടിയേരി -മാടപ്പീടിക പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. നഗരസഭയുടെ അമൃത് പദ്ധതിയിലുൾപ്പെടുത്തി ഇവിടുത്തെ ജലവിതരണം വർധിപ്പിക്കുന്നതിന് സ്ഥലം എം.എൽ.എ എ.എൻ. ഷംസീറിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്നു കോടി രൂപ അനുവദിച്ചു. ഇതിനുള്ള ഭരണാനുമതിയായി.
കോടിയേരി മേഖലയിലെ ആറു വാർഡുകളാണ് രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുക. മേഖലയിലെ ഏറ്റവും ഉയർന്ന ഭാഗമായ സാംബവ കോളനിയുടെ സമീപത്ത് 20 മീറ്റർ ഉയരത്തിൽ 13 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും വെള്ളം ശേഖരിക്കാനുള്ള കുളവും നിർമിക്കും.
കോഴിക്കോടുനിന്ന് സൂപ്രണ്ടിങ് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എൻജിനീയർമാർ എന്നിവർ അടങ്ങുന്ന ഉദ്യോഗസ്ഥസംഘം ആറു വാർഡുകളും സന്ദർശിക്കുകയും ടാങ്ക് പോയന്റും വിതരണ ലൈനും നിർണയിച്ചിട്ടുണ്ട്. പൊതുവാച്ചേരി, മാടപ്പീടിക, പുന്നോൽ, ഈസ്റ്റ് പുന്നോൽ, കൊമ്മൽവയൽ, നങ്ങാറത്ത് പീടിക എന്നീ വാർഡുകളിൽ ഉപ്പുവെള്ളം കയറുന്നതും ജലക്ഷാമം നേരിടുന്നതുമായ പ്രദേശങ്ങളിലാണ് പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാകുക.
നിലവിൽ ആറു വാർഡുകളിലും പ്രാദേശിക കുടിവെള്ള പദ്ധതിയിലൂടെ ജലം ലഭിക്കുന്നുണ്ട്. മൂന്നു സോണുകൾ തിരിച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നഗരസഭയിലെ ഒന്നു മുതൽ 10 വരെ വാർഡുകൾ സി സോണിലും 13, 16, 17, 18, 19 വാർഡുകൾ എം സോണിലും 31 മുതൽ 36 വരെയുള്ള വാർഡുകൾ കെ സോണിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് കെ സോൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.