ശ്രീധരിയുടെ മരണം കൊലപാതകം: പ്രതി ഗോപാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും
text_fieldsതലശ്ശേരി: ഗോപാലപേട്ട ഫിഷറീസ് കോമ്പൗണ്ടിലെ പടിഞ്ഞാറെ പുരയിൽ സി.എം. ശ്രീധരിയുടെ (51) മരണം കൊലപാതകത്തിലേക്ക് വിരൽചൂണ്ടി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണം കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണവും നീങ്ങുന്നത്. ഒാേട്ടാ ഡ്രൈവറായ പ്രതി ഗോപാലകൃഷ്ണനെതിരെ (56) പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. നേരത്തെ മനപ്പൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.
കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ, തലയിലേറ്റ ക്ഷതമാണ് ശ്രീധരിയുടെ മരണത്തിനിടയായതെന്ന് പൊലീസ് സർജൻ കണ്ടെത്തിയിരുന്നു. ഫോറൻസിക് വിദഗ്ധൻ നടത്തിയ പരിശോധനയിൽ, ഓട്ടോയിൽ നിന്ന് തെറിച്ചുവീണപ്പോഴുണ്ടായ പരിക്കല്ലെന്നും ബോധ്യപ്പെട്ടിരുന്നു. സംഭവദിവസം ശ്രീധരി സഞ്ചരിച്ച കെ.എൽ 58 എച്ച് 9715 ഓട്ടോറിക്ഷ തലശ്ശേരി പൊലീസ് അന്വേഷണത്തിെൻറ ഭാഗമായി കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഓട്ടോയിൽ വെച്ച് സൈദാർ പള്ളിക്ക് സമീപം ശ്രീധരി കൊല്ലപ്പെട്ടത്. ഓട്ടത്തിനിടയിൽ റോഡിൽ തെറിച്ച് തലയിടിച്ചുവീണതിനെ തുടർന്ന് മരിച്ചുവെന്നായിരുന്നു ആദ്യം പ്രചരിച്ചത്. സംഭവം നടന്നയുടൻ, ഓട്ടോ ഡ്രൈവർ ഗോപാല പേട്ടയിലെ നാപാസിൽ േഗാപാലകൃഷ്ണനെ (56) പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഒാേട്ടായിൽ െവച്ച് ശ്രീധരിയുമായി വഴക്കിട്ടതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിരുന്നു. മരണകാരണം കൃത്യമായി അറിയിച്ചിരുന്നില്ല. കൂടുതൽ ചോദ്യം ചെയ്തതിനെ തുടർന്ന്, ഓട്ടോറിക്ഷയിൽ വെച്ചുണ്ടായ അനിഷ്ട സംഭവങ്ങൾ ഇയാൾ വെളിപ്പെടുത്തി. ജൂബിലി റോഡിലെ ഡൗൺ ടൗൺ മാളിൽ ശുചീകരണ തൊഴിലാളിയായ ശ്രീധരി, പ്രതി ഗോപാലകൃഷ്ണെൻറ ഓട്ടോറിക്ഷയിലാണ് മിക്കപ്പോഴും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാറുള്ളത്.
ഇയാളുമായി സ്ത്രീക്ക് പണമിടപാടും ഉണ്ടായിരുന്നു. 20,000ത്തോളം രൂപ ശ്രീധരി ബാങ്കിൽനിന്ന് വായ്പയെടുത്ത് ഗോപാലകൃഷ്ണന് നൽകിയിരുന്നു. ഇത് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. സംഭവദിവസം ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ഗോപാലകൃഷ്ണൻ ശ്രീധരിയെ ഓട്ടോയിൽ വിളിച്ചുകയറ്റുകയായിരുന്നു. തിരിച്ചുനൽകാനുള്ള പണത്തെ ചൊല്ലി തർക്കം രൂക്ഷമാവുകയും ഒടുവിൽ കൈയാങ്കളിയിലെത്തുകയുമായിരുന്നു. വക്കേറ്റത്തിനിടെ ഒാേട്ടാ നിർത്തി പ്രതി, സ്ത്രീയുടെ മുടിയിൽ പിടിച്ച് തല നിരവധി തവണ ഓട്ടോറിക്ഷക്ക് ഇടിച്ചുവെന്നും ഇരുമ്പുവടികൊണ്ട് തലക്കടിച്ചുവെന്നും പറയപ്പെടുന്നു. ഇടിയുടെ ആഘാതത്തിൽ സ്ത്രീയുടെ തലക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നു. ഇതാണ് മരണകാരണമായതെന്ന് തെളിഞ്ഞതായി എസ്.ഐ എ. അഷറഫ് പറഞ്ഞു.
ഓട്ടോറിക്ഷയിൽനിന്നും ശ്രീധരി റോഡിലേക്ക് വീഴുന്നത് നേരിൽ ക്കണ്ട സാക്ഷിമൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ശ്രീധരിയെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത് അകലെ മാറിനിന്ന് പ്രതി നോക്കിക്കണ്ടിരുന്നു. ഇതിന് പിന്നാലെ ജനറൽ ആശുപത്രിയിലുമെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചതായും ചോദ്യം ചെയ്യലിൽ പ്രതി ഗോപാലകൃഷ്ണൻ മൊഴിനൽകിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ ശ്രീധരി മരിച്ചത്. കോടതി റിമാൻഡ് ചെയ്ത് ജയിലിലടച്ച പ്രതി ഗോപാലകൃഷ്ണനെ തെളിവെടുക്കാനായി പൊലീസ് അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.