വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം: രണ്ട് അധ്യാപകർക്ക് മുൻകൂർ ജാമ്യം
text_fieldsതലശ്ശേരി: വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെരളശ്ശേരി എ.കെ.ജി എച്ച്.എസ്.എസിലെ രണ്ട് അധ്യാപകർക്ക് ജില്ല കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. ക്ലാസ് അധ്യാപിക വി.വി. സോജ, കായികാധ്യാപകൻ ജി. രാഗേഷ് എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ടാൽ ഹാജരാകണം. രാവിലെ എട്ടിന് ഹാജരായാൽ വൈകീട്ട് അഞ്ചിന് വിട്ടയക്കണം. അതിനിടയിൽ അറസ്റ്റ് രേഖപ്പെടുത്താം. തെളിവ് ശേഖരിക്കുകയും ചെയ്യാം. എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അപമാനഭാരത്താൽ ജീവനൊടുക്കിയത്.
വിദ്യാർഥിനിയും നാല് സുഹൃത്തുക്കളും ഡസ്കിൽ റീഫിൽ മഷി കൊണ്ട് എഴുതുകയും ക്ലാസ് മുറി, സെസ്ക്, ചുമർ എന്നിവിടങ്ങളിൽ മഷിയാക്കുകയും ചെയ്തു. അധ്യാപിക ശാസിക്കുകയും രക്ഷിതാവിനെ കൂട്ടിവരണമെന്ന് പറയുകയും ചെയ്തു.
ഇതേ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്തെന്നാണ് കേസ്. 2023 ഫെബ്രുവരി ഒമ്പതിനാണ് കേസിനാധാരമായ സംഭവം. വിദ്യാർഥിനി ആത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് ആത്മഹത്യ ചെയ്തത്. ചക്കരക്കല്ല് പൊലീസ് അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്.
വിദ്യാർഥിനിയുടെ പിതാവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയത്.
സംഭവം ദൗർഭാഗ്യവും വിദ്യാർഥികളെ സ്കൂളിലയക്കുന്ന രക്ഷിതാക്കൾക്ക് വിഷമമുണ്ടാക്കുന്നതുമാണെന്ന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി ജി. ഗിരീഷ് വ്യക്തമാക്കി. മികച്ച അക്കാദമിക് നിലവാരമുള്ള വിദ്യാർഥിനിയാണ് മരിച്ചത്. രക്ഷിതാക്കൾക്ക് ഇത് ഉൾക്കൊള്ളാനാവില്ല.അധ്യാപകർ അറിഞ്ഞുകൊണ്ട് ചെയ്തതല്ലെന്ന നിഗമനത്തിലാണ് കോടതി മുൻകൂർ ജാമ്യം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.