നവവധുവിന്റെ ആത്മഹത്യ; ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
text_fieldsതലശ്ശേരി: വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനകം നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ഫിറ്റ്നസ് പരിശീലകനായ കതിരൂർ നാലാംമൈൽ അയ്യപ്പമഠത്തിനടുത്ത മാധവി നിവാസിൽ സച്ചിന്റെ (32) ജാമ്യാപേക്ഷയാണ് തലശ്ശേരി ജില്ല സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് നിരസിച്ചത്. പൊലീസിന്റെ നിയമ നടപടികളിൽ നിന്നും രക്ഷപ്പെടാൻ വീട്ടിൽ നിന്നും രക്ഷപ്പെട്ട് ഒളിവിൽപോയ യുവാവ് അഭിഭാഷകൻ മുഖേന തലശ്ശേരി ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു.
സച്ചിന്റെ ഭാര്യ പിണറായി പടന്നക്കരയിലെ സൗപർണികയിൽ ടി. മനോഹരന്റെ മകൾ മേഘയെ (28) ജൂൺ 10ന് രാത്രി 11ഓടെയാണ് ഭർതൃവീട്ടിന്റെ രണ്ടാംനിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ഹൈലൈറ്റ് മാളിൽ സോഫ്റ്റ് വെയർ എൻജിനീയറായിരുന്ന മേഘയുടെ വിവാഹം കഴിഞ്ഞ ഏപ്രിൽ രണ്ടിനായിരുന്നു. ഏഴ് വർഷം പ്രണയിച്ചതിന് ശേഷമാണ് ഫിറ്റ്നസ് പരിശീലകനായ സച്ചിൻ മേഘയെ വിവാഹം ചെയ്തത്. വിവാഹ ശേഷം സച്ചിന്റെ സമീപനം മേഘയെ ഏറെ വിഷമിപ്പിച്ചിരുന്നുവത്രെ. ആത്മഹത്യ ചെയ്ത മകളുടെ ദേഹത്ത് മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായി മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നു.
മുഖ്യമന്ത്രി, സിറ്റി പൊലീസ് കമീഷണർ, എന്നിവർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സച്ചിനെതിരെ കതിരൂർ പൊലീസ് കേസെടുത്തിരുന്നത്. സച്ചിൻ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് കേസ്. ഇൻക്വസ്റ്റിൽ മേഘയുടെ ദേഹത്ത് 11ഓളം പരിക്കുകൾ കണ്ടെത്തിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിൽ 16ഓളം പരിക്കുകളും കണ്ടെത്തി. മേഘ സച്ചിനുമൊത്ത് കണ്ണൂരിൽ ഒരു പിറന്നാളാഘോഷ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വീട്ടിൽവന്നതിന് ശേഷമാണ് ജീവനൊടുക്കിയതെന്നാണ് പരാതി. തലശ്ശേരി എ.എസ്.പി അരുൺ പവിത്രനാണ് ആദ്യം കേസ് അന്വേഷിച്ചത്. ഇദ്ദേഹം മേഘയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.