കുറുക്കന്മാർ ഇന്നെവിടെ?; കണ്ടെത്താൻ സർവേ
text_fieldsതലശ്ശേരി: വീട്ടുമുറ്റങ്ങളിലും പറമ്പുകളിലും രാത്രികാലങ്ങളിൽ ഒാടിനടന്ന് ഒാരിയിട്ടിരുന്ന കുറുക്കന്മാർ ഇന്നെവിടെ? വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കുറുക്കന്മാരെ തേടുകയാണ് ആരണ്യകം നേച്ചർ ഫൗണ്ടേഷൻ. വാട്സ്ആപ്പുകളിലും ഫേസ്ബുക്കിലുമെല്ലാം ഇപ്പോൾ ചർച്ച കുറുക്കന്മാരാണ്. പണ്ടുണ്ടായിരുന്നു, ഇപ്പോൾ കാണാനില്ല. ഈ മറുപടിയാണ് മിക്കവാറും നാട്ടിൻപുറങ്ങളിൽനിന്നുയരുന്നത്. ഒരു കാലത്ത് കേരളത്തിൽ വളരെ കൂടുതൽ കണ്ടുവന്നിരുന്നതും ഗ്രാമീണ മേഖലയിൽ പലപ്പോഴും സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതുമായ നായുടെ വർഗത്തിലെ കാനസ് ജനുസ്സിൽപെടുന്ന മൃഗമാണ് കുറുക്കൻ. കുറുക്കൻ, കുറുനരി, ഉൗളൻ എന്നൊക്കെ ഇവ വിളിക്കപ്പെട്ടിരുന്നു.
കഥകളിൽ ജീവിക്കുന്ന കൗശലക്കാരായ കുറുക്കന്മാർ ഇപ്പോൾ നാട്ടിൻപുറങ്ങളിൽ അപൂർവം. കോഴികളെ പിടിക്കുന്ന കുറുക്കന്മാരും കുറഞ്ഞു. ഒരാഴ്ച മുമ്പ് ആരംഭിച്ച സർവേക്ക് മികച്ച പ്രതികരണമാണ്. ഇതിനകം ധാരാളം ആളുകൾ അഭിപ്രായം രേഖപ്പെടുത്തി. കുറുക്കനെക്കുറിച്ച് കേട്ടിട്ടുണ്ടോ, എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ, എത്രകാലം മുമ്പാണ് അവസാനമായി കണ്ടത്, അവസാനമായി കാണുമ്പോൾ എത്ര എണ്ണം ഉണ്ടായിരുന്നു. മറ്റു പ്രദേശങ്ങളിൽ കണ്ടിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളുമായാണ് ക്രൗഡ് സോഴ്സ് സർവേ.
നാട്ടിൻപുറങ്ങളിലെ പൊന്തക്കാടുകളിലും ഇടവഴികളിലുമെല്ലാം ഒരുകാലത്ത് കുറുക്കന്മാർ സുലഭമായിരുന്നു. നഗരവത്കരണത്തോടെയാണ് കുറുക്കന്മാരുടെ ആവാസവ്യവസ്ഥക്കും നാശം നേരിട്ടത്. പഴയതുപോലെ ഇടവഴിയിലെ മാളങ്ങളിൽ ഒളിക്കാൻ വയ്യാതായി. കുറുക്കനും വംശനാശം സംഭവിക്കുകയാണോ എന്ന ആശങ്ക ഉയരാൻ തുടങ്ങിയിട്ട് കാലമേറെയായി.
ഗവേഷകരും സാങ്കേതിക വിദഗ്ധരും വിദ്യാർഥികളും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെട്ടതാണ് ആരണ്യകം നേച്ചർ ഫൗണ്ടേഷൻ. സർവേയിലൂടെ ലഭിക്കുന്ന േഡറ്റ പരിശോധിച്ചശേഷം റിപ്പോർട്ട് തയാറാക്കുമെന്ന് സംഘാടകർ പറഞ്ഞു. കുറുക്കനെക്കുറിച്ച് വിശദ പഠനത്തിനാണ് സർവേയെന്ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിട്ട. ഡയറക്ടർ ഡോ. പി.എസ്. ഈസ പറഞ്ഞു. കുറുക്കനുള്ള സ്ഥലത്തിെൻറ മാപ്പ് തയാറാക്കും. കുറുക്കൻ അവശേഷിക്കുന്ന പ്രദേശത്തെ പ്രത്യേകതയും പ്രശ്നങ്ങളും പഠിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.