കടക്ക് തീയിട്ടതാണെന്ന് സംശയം: തലശ്ശേരി പച്ചക്കറി മാർക്കറ്റിലെ തീപിടിത്തത്തിൽ ദുരൂഹത
text_fieldsതലശ്ശേരി: പുതിയ ബസ് സ്റ്റാൻഡ് പച്ചക്കറി മാർക്കറ്റിൽ തിങ്കളാഴ്ച അർധരാത്രിയുണ്ടായ തീപിടിത്തത്തിൽ ദുരൂഹത. അസമയത്തുള്ള തീപിടിത്തത്തിന് കാരണം തേടിയുള്ള തലശ്ശേരി പൊലീസിെൻറ അന്വേഷണത്തിലാണ് സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയമുയരുന്നത്.
തീപിടിച്ച സമയത്ത് സ്ഥലത്തുനിന്നും സംശയാസ്പദ സാഹചര്യത്തിൽ ഒരാൾ രക്ഷപ്പെട്ട് ഒഴിഞ്ഞുപോവുന്ന ദൃശ്യം സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇത് പൊലീസ് വിശദമായി പരിശോധിച്ചുവരുകയാണ്. ഇൗ അജ്ഞാതനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
തിങ്കളാഴ്ച അർധരാത്രി രണ്ടോടെയായിരുന്നു പുതിയ ബസ് സ്റ്റാൻഡിനും പാളത്തിനും ഇടയിലുള്ള പച്ചക്കറി മാർക്കറ്റിലെ ഒരുകട തീപിടിച്ച് കത്തിയമർന്നത്.
കടയിലെ മസാലക്കൂട്ട് പാക്കറ്റുകളും പച്ചക്കറികളും ഫർണിച്ചർ ഉൾപ്പെടെയുള്ളവയും കത്തിനശിച്ചിരുന്നു. ഏതാണ്ട് രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. പാനൂർ തൂവക്കുന്ന് സ്വദേശി കാനാട്ടുമ്മൽ ഭാസ്കരനാണ് കട നടത്തിവരുന്നത്. നിട്ടൂർ സ്വദേശിയുടെ പേരിലുള്ളതാണ് കടമുറി.
മേൽ വാടകക്ക് ഏറ്റെടുത്തയാൾ വി.ബി വെജിറ്റബിൾ സ്റ്റാൾ എന്ന പേരിൽ കട നടത്തിവരുകയാണ്. കടക്കുള്ളിലെ ക്രമംതെറ്റിയ വയറിങ് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്ന് പ്രാഥമികമായി വിലയിരുത്തിയിരുന്നത്.
എന്നാൽ, കടക്ക് തീയിട്ടതാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.