തലശ്ശേരിയിൽ തുണിക്കട കത്തിനശിച്ചു
text_fieldsതലശ്ശേരി: നഗരത്തിൽ തുണിക്കട അഗ്നിക്കിരയായി. മധ്യപ്രദേശ് സ്വദേശികൾ നടത്തിവരുന്ന ലോഗൻസ് റോഡിലെ മിനർവ ബിൽഡിങ്ങിലെ ‘ന്യൂ പരാഗ് ഫാഷൻ’ തുണിക്കടയാണ് കത്തി നശിച്ചത്.
ഞായറാഴ്ച അർധരാത്രിയാണ് സംഭവം. കടയിലെ തുണിത്തരങ്ങളും ഫർണിച്ചർ ഉൾപ്പെടെയുളള സാധനസാമഗ്രികളും കത്തിയമർന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. തൊട്ടടുത്ത് നിരവധി വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തീപിടുത്തം തക്കസമയത്ത് പുറത്തറിഞ്ഞതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
രാത്രി പതിനൊന്നരയോടെ സമീപത്തെ തയ്യൽ കടക്കാരനാണ് കടയിൽ തീ ഉയരുന്നത് കണ്ട് തലശ്ശേരി അഗ്നിശമന സേനയെയും തുണിക്കടയിലെ ജീവനക്കാരെയും അറിയിച്ചത്. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനമാരംഭിച്ചത്.
ചുരിദാർ മെറ്റീരിയൽ, വിവിധ തരത്തിലുള്ള ലൈനിങ് തുണിത്തരങ്ങൾ എന്നിവ ഭൂരിഭാഗവും കത്തിയിരുന്നു. അവശേഷിച്ചവ പുകയിലമർന്ന് ഉപയോഗ ശൂന്യമായ നിലയിലാണ്. കാഷ് കൗണ്ടറിന്റെ ഭാഗത്ത് നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു.
ഈ ഭാഗത്താണ് സ്വിച്ച് ബോർഡ് ഉൾപ്പടെയുള്ള സാമഗ്രികളുള്ളത്. എല്ലാ തരത്തിലുള്ള ചുരിദാർ മെറ്റീരിയൽസും, വിവിധ തരത്തിലുള്ള ലൈനിങ് തുണിത്തരങ്ങളും ആക്സസറീസും കടയിൽ ധാരാളം സ്റ്റോക്കുണ്ടായിരുന്നു.
സ്വിച്ച് ബോർഡ്, വയറിങ്, ഇൻവർട്ടർ എന്നിവയും കത്തി നശിച്ചിട്ടുണ്ട്. അസി.സ്റ്റേഷൻ ഓഫിസർ കെ. മനോജ് കുമാർ, ബിനീഷ് നെയ്യോത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള തലശ്ശേരിയിലെയും പാനൂരിലെയും അഗ്നിരക്ഷാ സേനാംഗങ്ങൾ രണ്ട് മണിക്കൂറിലേറെ പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മധ്യപ്രദേശ് സ്വദേശികളായ മുഹമ്മദ് സാദിഖ്, അബ്ദുൽ ജബ്ബാർ, ഇർഫാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കട.
നാട്ടുകാരായ ഏതാനും സ്ത്രീകളും മധ്യപ്രദേശുകാരായ നിരവധി യുവാക്കളും കടയിൽ ജോലി ചെയ്യുന്നുണ്ട്. വാടക നിരക്കിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഇൻഷൂർ ചെയ്തിട്ടില്ലെന്നാണ് വിവരം. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ സി.സി. വർഗീസ്, കെ.കെ. മൻസൂർ, പി.കെ. നിസാർ തുടങ്ങിയവർ കട സന്ദർശിച്ചു. നഷ്ടം എത്രയുണ്ടെന്ന് പരിശോധിച്ചു വരികയാണെന്ന് സ്ഥാപന ഉടമകൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.