തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി
text_fieldsതലശ്ശേരി: നഗരസഭയുടെ പുതിയ മൂന്ന് നില ഓഫിസ് കെട്ടിടം തിങ്കളാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 158 വർഷം പിന്നിട്ട മലബാറിലെ ആദ്യ നഗരസഭകളിലൊന്നാണ് തലശ്ശേരിയിലേത്.
7.5 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യത്തോടെ പുതിയ ബി ബ്ലോക്ക് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ആറ് കോടി രൂപ ചെലവിൽ നിർമിക്കുന്ന എ ബ്ലോക്കിന്റെ നിർമാണം ഉടനാരംഭിക്കും.
നിലവിലെ ഓഫിസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇപ്പോൾ നഗരസഭ ഓഫിസായി പ്രവർത്തിക്കുന്ന പഴയ കെട്ടിടം സൗന്ദര്യവത്കരിച്ച് പൈതൃക മ്യൂസിയമായി മാറ്റി സംരക്ഷിക്കുമെന്ന് ചെയർപേഴ്സൻ കെ.എം. ജമുനാറാണി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സെക്രട്ടറി, റവന്യു വകുപ്പ് ഓഫിസ്, ഫ്രണ്ട് ഓഫിസ് എന്നിവയും ഒന്നാം നിലയിൽ ചെയർമാൻ, വൈസ് ചെയർമാൻ, സ്ഥിരംസമിതി അധ്യക്ഷന്മാർ എന്നിവരുടെ ഓഫിസ് മുറികളും അനുബന്ധ ഓഫിസുകളുമാണ് പ്രവർത്തിക്കുക. രണ്ടാം നിലയിൽ 75 പേർക്ക് ഇരിക്കാവുന്ന കൗൺസിൽ ഹാളും സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ 52 കൗൺസിലർമാരാണ് നഗരസഭയിലുള്ളത്. ഭാവിയിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാവുന്നത് കണക്കിലെടുത്താണ് 75 പേർക്കുള്ള സൗകര്യമൊരുക്കിയത്. സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷതവഹിക്കും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ പങ്കെടുക്കും. ഞായറാഴ്ച വൈകീട്ട് നാലിന് നഗരത്തിൽ വിളംബര ജാഥയും തുടർന്ന് കടൽപാലത്തിന് സമീപം കലാപരിപാടികളും സംഘടിപ്പിക്കും.
വാർത്തസമ്മേളനത്തിൽ വൈസ് ചെയർമാൻ എം.വി. ജയരാജൻ, സി. സോമൻ, സി. ഗോപാലൻ, ടി.സി. അബ്ദുൽ ഖിലാബ്, ഷബാന ഷാനവാസ്, ടി.കെ. സാഹിറ, എൻ. രേഷ്മ, സി.ഒ.ടി. ഷബീർ, ബംഗ്ല ഷംസു, എ.കെ. സക്കരിയ, സുരാജ് ചിറക്കര, കെ. ലിജേഷ്, കെ. സുരേഷ്, ഒതയോത്ത് രമേശൻ, ടി.പി. ഷാനവാസ്, അഡ്വ.വി. രത്നാകരൻ, പി.ഒ. മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.