മാലിന്യം നിറഞ്ഞ് തലശ്ശേരി കടലോരം
text_fieldsതലശ്ശേരി: നിരീക്ഷണ കാമറകൾ ഏറെവന്നിട്ടും കടലോരത്തെ മാലിന്യ നിക്ഷേപത്തിന് അറുതിയായില്ല. തലശ്ശേരി കടൽപാലം പരിസരത്തും ദേശീയപാതയിൽ കോടതി റോഡിലെ കടലോരത്തും മാലിന്യം തള്ളുന്നത് പതിവാണ്. കോടതി പരിസരത്ത് ഐ.എം.എ ഹൗസിന് സമാന്തരമായുള്ള റോഡരികിൽ മത്സ്യവണ്ടികളിൽനിന്നുള്ള മലിനജലമൊഴുക്കുന്നത് തടയാനും നടപടിയില്ല. കുറ്റകൃത്യം കണ്ടെത്താൻ നഗരസഭ നിരീക്ഷണ കാമറകൾ സ്ഥാപിച്ച ഭാഗങ്ങളിൽതന്നെ നിയമലംഘനം തുടരുകയാണ്.
രാത്രിയുടെ മറവിൽ കടൽക്കരയിൽ മാലിന്യം തള്ളുന്നത് നഗരത്തിൽ വ്യാപകമാണ്. പലതവണ കൗൺസിൽ യോഗങ്ങളിൽ നഗരസഭാംഗങ്ങൾ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് മാലിന്യനിക്ഷേപം കണ്ടെത്താൻ പലയിടത്തും നിരീക്ഷണ കാമറ സ്ഥാപിച്ചത്. ഇതിനിടെ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ മാസ് ക്ലീനിങ് കാമ്പയിൻ ഉൾപ്പെടെ നടത്തി. എന്നാൽ, കടലോരം പഴയപടി തന്നെ.
ദേശീയപാതയിൽ കടലോരത്തെ മാലിന്യം ഉല്ലാസത്തിനെത്തുന്നവർക്കും അറപ്പുളവാക്കുകയാണ്. രണ്ട് പാർക്കുകൾ, ജില്ല കോടതി, പള്ളി, ഹോട്ടലുകൾ, അഭിഭാഷകരുടെ നിരവധി ഓഫിസുകൾ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലമാണിവിടെ. രാത്രിയുടെ മറവിലാണ് കടലോരത്ത് ആളുകൾ മാലിന്യം വലിച്ചെറിയുന്നത്.
ഇതേ സ്ഥലത്താണ് മത്സ്യം കയറ്റിയെത്തുന്ന ലോറികൾ നിർത്തിയിട്ട് മലിനജലം റോഡരികിൽ ഒഴുക്കിവിടുന്നതും. അസഹനീയമായ ദുർഗന്ധമാണിവിടെ. കടലോരത്തെ ദുർഗന്ധം രണ്ടു കിലോമീറ്റർ വരെ എത്തുന്നതായി പരിസരവാസികൾ പറയുന്നു. പാർക്കിലെത്തുന്ന സഞ്ചാരികളെയും കടലോരത്തെ ദുർഗന്ധം മനംമടുപ്പിക്കുകയാണ്.
ദേശീയപാതയിലൂടെ കടന്നുപോകുന്ന മത്സ്യവാഹനങ്ങൾ മിക്കസമയങ്ങളിലും ഐ.എം.എ ഹാൾ പരിസരത്താണ് മണിക്കൂറുകളോളം നിർത്തിയിടുന്നത്. റോഡരികിലാണ് മലിനജലം ഒഴുക്കുന്നത്. ഇതുകാരണം പരിസരം മുഴുവൻ ദുർഗന്ധം അസഹനീയമാവുകയാണ്. ഐ.എം.എ ഹാൾ പരിസരത്ത് മത്സ്യവാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നത് തടയാൻ നഗരസഭ ആരോഗ്യവിഭാഗം അധികൃതർക്ക് സാധിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.