മാലിന്യം നിറഞ്ഞ് തലശ്ശേരി കടലോരം
text_fieldsതലശ്ശേരി: നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടും തലശ്ശേരി കടൽക്കരയിൽ മാലിന്യം തള്ളുന്നതിന് അറുതിയില്ല. കടൽപാലം പരിസരത്തും മൊത്ത മത്സ്യമാർക്കറ്റ് പരിസരത്തും ദിവസവും മാലിന്യം കുമിയുകയാണ്. ദേശീയപാതയിൽ കോടതി റോഡിലെ കടലോരത്തും സ്ഥിതി വ്യത്യസ്തമല്ല. കോടതി പരിസരത്ത് ഐ.എം.എ ഹൗസിന് സമാന്തരമായുളള റോഡരികിൽ മത്സ്യവണ്ടികളിൽ നിന്നുള്ള മലിന ജലമൊഴുക്കുന്നത് തടയാനും നടപടിയില്ല.
കുറ്റകൃത്യം കണ്ടെത്താൻ നഗരസഭ പലയിടങ്ങളിലായി നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, കാമറയുള്ള ഭാഗങ്ങളിൽ തന്നെ നിയമലംഘനം തുടരുകയാണ്. രാത്രിയുടെ മറവിൽ കടൽക്കരയിൽ മാലിന്യം തള്ളുന്നത് നഗരത്തിൽ വ്യാപകമാണ്. പലതവണ കൗൺസിൽ യോഗങ്ങളിൽ നഗരസഭാംഗങ്ങൾ തന്നെ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. എന്നാൽ, കാമറകൾ നോക്കുകുത്തിയായ അവസ്ഥയാണിപ്പോൾ. മാലിന്യം സഞ്ചാരികൾക്ക് അറപ്പുളവാക്കുകയും പൈതൃക സ്മാരകങ്ങൾക്ക് ഭീഷണിയാവുകയുമാണ്.
അസഹനീയമായ ദുർഗന്ധമാണ് തലശ്ശേരി തീരപ്രദേശത്ത്. ദേശീയപാതയിലൂടെ കടന്നുപോകുന്ന മത്സ്യവാഹനങ്ങൾ ഐ.എം.എ ഹാൾ പരിസരത്ത് മണിക്കൂറുകളോളം നിർത്തിയിടുകയും റോഡരികിൽ മലിനജലം ഒഴുക്കുകയും ചെയ്യുന്നു. ഐ.എം.എ ഹാൾ പരിസരത്ത് മത്സ്യവാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നത് തടയാൻ നഗരസഭ ആരോഗ്യവിഭാഗം അധികൃതർക്ക് സാധിക്കുന്നില്ല.
തുറമുഖ വകുപ്പിന് നാഥനില്ലാ കെട്ടിടം
തലശ്ശേരി: മത്സ്യമാർക്കറ്റിന് സമീപത്ത് തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള കെട്ടിടം കാടുകയറി മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. ആൾ താമസമില്ലാത്ത കെട്ടിടം ലഹരി മാഫിയക്കാരുടെ താവളമാണ്. തലശ്ശേരി മത്സ്യമാർക്കറ്റിന് സമീപം തുറമുഖവകുപ്പ് ജീവനക്കാർക്ക് താമസിക്കുന്നതിനും മറ്റുമായി പണിതതാണ് ഇരുനില കെട്ടിടം. ആരും തിരിഞ്ഞുനോക്കാതായതോടെ ലഹരിമാഫിയയും സാമൂഹിക വിരുദ്ധരും താവളമാക്കി. ഇരുട്ടായാൽ കെട്ടിടം ലഹരി മാഫിയ കീഴടക്കുന്ന സ്ഥിതിയാണ്. കെടട്ടിടത്തിന് സമീപത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നതും കാണാം. വിഷയം നിരവധിതവണ തുറമുഖ വകുപ്പിന്റെയും മറ്റു അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തുകയും പ്രദേശം സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് വാർഡ് കൗൺസിലർ ഫൈസൽ പുനത്തിൽ പറഞ്ഞു. മാലിന്യം തിങ്ങിനിറഞ്ഞ് കെട്ടിടത്തിന്റെ ചുറ്റുമതിലും റോഡിലേക്ക് തള്ളിനിൽക്കുകയാണ്. ഒപ്പം പ്രദേശം കടുത്ത പകർച്ചവ്യാധി ഭീഷണിയും നേരിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.