വരുന്നു, തലശ്ശേരി കാർണിവൽ
text_fieldsതലശ്ശേരി: മൂന്നര പതിറ്റാണ്ട് മുമ്പ് സബ് കലക്ടറായിരുന്ന അമിതാഭ്കാന്ത് തുടക്കംകുറിച്ച തലശ്ശേരി കാർണിവൽ മാമാങ്കത്തിന് വീണ്ടും അരങ്ങുണരുന്നു. കോവിഡ് ഭീതിയിൽ കഴിഞ്ഞ വർഷങ്ങളിൽ മുടങ്ങിയ കാർണിവൽ ഇത്തവണ പൂർവാധികം ഭംഗിയോടെ സംഘടിപ്പിക്കാൻ അണിയറയിൽ ഒരുക്കം തുടങ്ങി. ഏപ്രിൽ അവസാനമാണ് കാർണിവൽ സംഘടിപ്പിക്കുന്നത്.
നഗരസഭ മുൻകൈയെടുത്ത് നടത്തുന്ന തലശ്ശേരി കാർണിവലിന് സംഘാടക സമിതി രൂപവത്കരിച്ചു. ശനിയാഴ്ച ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗം സബ് കലക്ടർ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുന റാണി അധ്യക്ഷത വഹിച്ചു.
വൈസ് ചെയർമാൻ വാഴയിൽ ശശി, ചിത്രകാരൻ കെ.കെ. മാരാർ, മുൻ നഗരസഭ ചെയർമാന്മാരായ സി.കെ. രമേശൻ, എം.വി. മുഹമ്മദ് സലീം, ആമിന മാളിയേക്കൽ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.പി. അരവിന്ദാക്ഷൻ, അഡ്വ. എം.എസ്. നിഷാദ്, സി.കെ.പി. മമ്മു, എം.പി. സുമേഷ്, കെ. വിനയരാജ്, ചരിത്രകാരൻ പ്രഫ. എ.പി. സുബൈർ തുടങ്ങിയവർ സംസാരിച്ചു.
ഏപ്രിൽ 23 മുതൽ 30 വരെ വിവിധ കലാപരിപാടികളോടെ കാർണിവൽ നടത്താനാണ് തീരുമാനം. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കെ. മുരളീധരൻ എം.പി എന്നിവർ സംഘാടക സമിതി രക്ഷാധികാരികളാണ്. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുന റാണി ചെയർമാനായും സെക്രട്ടറി ബിജുമോൻ ജോസഫ് ജനറൽ കൺവീനറുമായി 250 അംഗ കമ്മിറ്റി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.