ഗതാഗതക്കുരുക്കിലമർന്ന് തലശ്ശേരി നഗരം
text_fieldsതലശ്ശേരി: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി തലശ്ശേരി നഗരം. നഗരത്തിലെ രണ്ടു പ്രധാന റോഡുകളുടെ നവീകരണം തുടങ്ങിയത് മുതൽ ആരംഭിച്ച ഗതാഗത തടസ്സം ഒഴിയാബാധയായി മാറുകയാണ്. ചില നേരങ്ങളിൽനിന്നു തിരിയാനിടമില്ലാത്ത വിധമാണ് നഗരത്തെ കുരുക്ക് ബാധിക്കുന്നത്.
പരീക്ഷക്കാലമായതിനാൽ വിദ്യാർഥികളാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. ദൂരദിക്കുകളിൽനിന്ന് ബസ് മാർഗവും മറ്റും നഗരത്തിലെത്തുന്ന വിദ്യാർഥികൾക്ക് സമയത്തിന് പരീക്ഷക്കെത്താനാവുന്നില്ല. പഴയ ബസ് സ്റ്റാൻഡിലെ എം.ജി റോഡും ജനറൽ ആശുപത്രി റോഡും കോൺക്രീറ്റ് ചെയ്യാൻ അടച്ചിട്ടതുമുതലാണ് നഗരത്തിൽ ഗതാഗത തടസ്സം പതിവായത്.
റോഡ് നവീകരണം ആരംഭിക്കുന്ന വേളയിൽ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ ക്രമീകരണം വരുത്തിയിരുന്നെങ്കിലുംഇത് ഫലപ്രദമായി നടപ്പിലായിരുന്നില്ല. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തോന്നുംപോലെയാണ് നഗരത്തിൽ പ്രവേശിക്കുന്നത്. ഇതിനിടയിൽ ടാങ്കർ ലോറികൾ കൂടി എത്തുന്നതോടെ കുരുക്ക് കൂടുതൽ മുറുകുകയാണ്.
പുതിയ ബസ് സ്റ്റാൻഡ് മുതൽ കൊടുവള്ളി വരെ വാഹനങ്ങൾ കടന്നുകിട്ടണമെങ്കിൽ വലിയ സാഹസം തന്നെയുണ്ട്. സംഗമം കവല, ഗുഡ്സ്ഷെഡ് റോഡ്, ഒ.വി റോഡ്, പഴയ ബസ് സ്റ്റാൻഡ് ട്രാഫിക് യൂനിറ്റ് കവല, ജനറൽ ആശുപത്രി പരിസരം, ഗുണ്ടർട്ട് റോഡ്, പാലിശ്ശേരി, വീനസ് കവല, കൊടുവള്ളി എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുന്നത്.
വാഹനങ്ങൾ നിർത്തിയിടുന്നത് തോന്നുംപോലെ
നഗരത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനും വ്യവസ്ഥയില്ലാതായി. ട്രാഫിക് പൊലീസ് നോ പാർക്കിങ് ബോർഡ് വെച്ചിടത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്. ഒഴിവുള്ള സ്ഥലങ്ങൾ നോക്കി വാഹനങ്ങൾ നിർത്തിയിടാൻ ആളുകൾ പരക്കം പായുകയാണ്. റോഡ് നിർമാണം നടക്കുന്നിടത്തും ഭാഗികമായി തുറന്നു കൊടുത്ത ജനറൽ ആശുപത്രി റോഡിലും വാഹനങ്ങൾ തലങ്ങും വിലങ്ങുമായി നിർത്തിയിടുകയാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായതിനാൽ നടപടി സ്വീകരിക്കാൻ ബാധ്യതപ്പെട്ടവർ ഇക്കാര്യത്തിൽ കണ്ണടക്കുകയാണ്.
ഓടിനടക്കാൻ ട്രാഫിക് പൊലീസ്
വേനൽ ചൂടിൽ നാടും നഗരവും വെന്തെരിയുമ്പോൾ പണികിട്ടുന്നത് ട്രാഫിക് പൊലീസിന്. നഗരത്തിൽ ഗതാഗതക്കുരുക്ക് മുറുകുമ്പോൾ നട്ടുച്ച നേരത്തും ചുട്ടുപൊള്ളുന്ന വെയിൽ കൊള്ളാനാണ് അവരുടെ നിയോഗം. ദേഹസുരക്ഷക്കായി ഒന്നുമില്ലാതെ വാഹനങ്ങൾ കടത്തിവിടാൻ ഓടി നടക്കുകയാണ് ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാർ. തലശ്ശേരി ട്രാഫിക് യൂനിറ്റിൽ ചുരുക്കം പൊലീസുകാരാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ മൂന്നു മാസമായി ഇവിടെയുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും നഗരത്തിലെ ഗതാഗതതടസ്സം ജോലിഭാരം കൂട്ടിയിരിക്കുകയാണ്.
ഒ.വി റോഡിലൂടെ വരുന്ന വാഹനങ്ങൾ ട്രാഫിക് യൂനിറ്റ് പരിസരം വഴി ഗുണ്ടർട്ട് റോഡിലൂടെയാണ് കണ്ണൂർ ദേശീയപാതയിലേക്ക് കടത്തിവിടുന്നത്. ജനറൽ ആശുപത്രി റോഡ് പൂർണമായി തുറന്നുകൊടുക്കുന്നതോടെ നഗരത്തിലെ യാത്രതടസ്സം ഒരു പരിധിവരെ പരിഹരിക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.