തലശ്ശേരി തീരം കളർഫുൾ; സിനിമ ചിത്രീകരണത്തിനും പ്രിയപ്പെട്ട ഇടം
text_fieldsതലശ്ശേരി: കാലങ്ങളായി അവഗണിക്കപ്പെട്ടിരുന്ന തലശ്ശേരി തീരപ്രദേശം അടിമുടി മാറുകയാണ്. പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കടൽതീരവും പരിസര റോഡുകളും സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ മാറ്റം വരുത്തിയതോടെ സിനിമ ചിത്രീകരണത്തിനും ഇവിടെ വേദിയൊരുങ്ങുകയാണ്. ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് ഉസ്മാൻ -ഖാലിദ് റഹ്മാൻ ടീം അണിയിച്ചൊരുക്കുന്ന 'തല്ലുമാല' സിനിമയുടെ പ്രധാന ലൊക്കേഷനായി ഈ തീരപ്രദേശം മാറുകയാണ്. കടൽപാലം പരിസരത്തെ റോഡുകൾ രണ്ടു ദിവസത്തിനുള്ളിൽ ആകെ മാറി. ഇവിടെയുള്ള പഴക്കമേറിയ ഗോഡൗൺ കെട്ടിടങ്ങളുടെ ചുവരുകളെല്ലാം ചിത്രപ്പണികളാൽ അലംകൃതമായിരിക്കുകയാണ്. 'തല്ലുമാല'യുടെ ചിത്രീകരണത്തിെൻറ ഏറിയ ഭാഗവും ഇവിടെയായിരിക്കും. പാലിശ്ശേരി സീവ്യൂ പാർക്ക് പരിസരത്തെ സി.പി. മൂസക്കേയിയുടെ ബംഗ്ലാവിലാണ് ബുധനാഴ്ച ഷൂട്ടിങ് നടന്നത്.
പിയർ റോഡിലെ പഴഞ്ചൻ കെട്ടിടത്തിലെ ചുവരുകൾ മുഴുവൻ വിവിധ ചായങ്ങളിൽ ഡിസൈൻ ചെയ്തതോടെ തലശ്ശേരിയുടെ തീരദേശത്തിന് പണ്ടെങ്ങുമില്ലാത്ത ചാരുത കൈവന്നിരിക്കുകയാണ്. കടൽപാലത്തോട് ചേർന്ന് നടപ്പാത യാഥാർഥ്യമായതോടെയാണ് ഇവിടം സിനിമക്കാരുടെയും ഇഷ്ടകേന്ദ്രമായത്. പഴയ പോർട്ട് ഓഫിസ് മുതൽ കടൽപാലം വരെയുള്ള ഭാഗത്താണ് ആഴ്ചകൾക്കുമുമ്പ് നടപ്പാത നിർമിച്ചത്. വിനോദത്തിനെത്തുന്നവർക്ക് സിമൻറിൽ പണിത ഇരിപ്പിടവും വൈദ്യുതി വിളക്കുകളും ഇവിടെ സ്ഥാപിച്ചിരുന്നു. പരിസരത്തെ റോഡ് നവീകരിച്ചതിന് പിന്നാലെയാണ് കടലോര നടപ്പാതയും യാഥാർഥ്യമാക്കിയത്. തലശ്ശേരിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ഇവിടം മാറുകയാണ്. വൈകീട്ട് കുടുംബസമേതമാണ് ആളുകൾ ഇവിടെ വിനോദത്തിനെത്തുന്നത്. ഇരുട്ടാകുംവരെയുള്ള കടൽക്കാഴ്ച സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.