തലശ്ശേരി ഗുണ്ടർട്ട് റോഡിൽ യാത്ര അത്ര സുഖമല്ല!
text_fieldsതലശ്ശേരി: കുട്ടികളടക്കം ആശ്രയിക്കുന്ന നഗരമധ്യത്തിലെ നടപ്പാതയിലൂടെയുള്ള യാത്ര ഭീഷണിയുയർത്തുന്നു. ദേശീയപാതയിലെ ഗുണ്ടർട്ട് റോഡിലാണ് ഇടതും വലതുമായി ഈ ദുരിതക്കാഴ്ച. സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറിയിലേക്ക് കടന്നുപോകുന്ന നടപ്പാതയിൽ സ്ലാബ് തകർന്നതാണ് കാൽനടയാത്രക്ക് ഭീഷണിയെങ്കിൽ, ഫയർ സ്റ്റേഷനോട് ചേർന്നുള്ള നടപ്പാതയിൽ ഇരുമ്പ് വേലി തകർന്ന് ഒടിഞ്ഞും തൂങ്ങിയും നിൽക്കുന്നതാണ് അപകടകരമാവുന്നത്.
ദേശീയപാതയിൽ സദാ സമയവും തിരക്കനുഭവപ്പെടുന്ന കവലയാണിത്. സേക്രഡ് ഹാർട്ട് സ്കൂളിലേക്കും തലശ്ശേരി കോട്ടയോട് ചേർന്നുള്ള സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലേക്കും കുട്ടികൾ എത്തുന്നത് ഇതുവഴിയാണ്. സ്കൂളിലേക്ക് പോകുന്ന വഴിയിലുള്ള നടപ്പാതയിലെ സ്ലാബ് തകർന്നിട്ട് മാസങ്ങളായി. സ്കൂൾ അധികൃതർ നഗരസഭ അധികൃതർക്കും സബ് കലക്ടർക്കും പരാതി നൽകിയെങ്കിലും ഇതുവരെ പൊട്ടിയ സ്ലാബ് മാറ്റാൻ നടപടിയുണ്ടായില്ല.
നഗരസഭ സ്റ്റേഡിയം, സബ് റജിസ്ട്രാർ ഓഫിസ്, സബ് കലക്ടർ ഓഫിസ്, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് ദിവസവും നൂറുക്കണക്കിനാളുകൾ കടന്നുപോകുന്ന വഴിയാണിത്. നടപ്പാതക്ക് തൊട്ടുള്ള റോഡിൽ എപ്പോഴും വാഹനത്തിരക്കാണ്. അതിനാൽ നടപ്പാതയിൽ നിന്ന് റോഡിലിറങ്ങി നടക്കാൻ കഴിയില്ല.
നടപ്പാതയുടെ തുടക്കത്തിലുള്ള നാല് സ്ലാബാണ് തകർന്നത്. തകർന്ന സ്ലാബിന്റെ മുകളിലൂടെയാണ് ആളുകൾ ഇപ്പോൾ നടന്നുപോകുന്നത്. തകർന്ന നാല് സ്ലാബ് മാറ്റിയാൽ മാത്രം മതി. നടപ്പാത ദേശീയ പാതയിലായതിനാൽ ദേശീയ പാതവിഭാഗമാണ് സ്ലാബ് മാറ്റേണ്ടതെന്ന നിലപാടാണ് നഗരസഭയുടേത്.
സ്ലാബ് തകർന്നത് ദേശീയപാത വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി നഗരസഭ അധികൃതർ പറഞ്ഞു. നഗരസഭ അധികൃതർ ദേശീയപാത അധികൃതരെ ഫോണിൽ ബന്ധപ്പെടുകയും കത്തയക്കുകയും ചെയ്തു. എന്നാൽ നടപടിയൊന്നുമില്ല.
കൈവരികൾ മാറ്റാൻ നടപടിയില്ല
തലശ്ശേരി: ഫയർ സ്റ്റേഷനും ആസാദ് മെമ്മോറിയൽ ലൈബ്രറിക്കും ഇടയിലുള്ള നടപ്പാതയിൽ കൈവരികൾ തകർന്നതും കാൽനടയാത്രക്കാർക്ക് ഭീഷണിയായിരിക്കുകയാണ്. കൈവരികൾ തകർന്നിട്ട് മാസങ്ങളോളമായി.
നഗരസഭയോഗത്തിലുൾപ്പെടെ പ്രശ്നം നിരവധി തവണ ചർച്ചയായതാണ്. ദേശീയപാതയിലായതിനാൽ ദേശീയപാത വിഭാഗമാണ് ഇതും അറ്റകുറ്റപ്പണി നടത്തേണ്ടത്. രാത്രിയിൽ വാഹനമിടിച്ചായിരിക്കാം കൈവരികൾ തകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.