തലശ്ശേരി ആശുപത്രി റോഡ് നവീകരണം തുടങ്ങി
text_fieldsതലശ്ശേരി: പഴയ ബസ്സ്റ്റാൻഡ് ജനറൽ ആശുപത്രി റോഡ് നവീകരണം തുടങ്ങി. കോൺക്രീറ്റ് ചെയ്യുന്നതിന്റെ മുന്നോടിയായി എക്സ്കവേറ്റർ ഉപയോഗിച്ച് റോഡിന്റെ ഉപരിതലത്തിലെ ടാർ ഇളക്കിമാറ്റുന്ന പ്രവൃത്തിയാണ് ആദ്യദിനം നടന്നത്. പകുതിയോളം ഭാഗത്ത് മെറ്റലിട്ടു.
വ്യാപാരികളുടെ സൗകര്യം പരിഗണിച്ച് റോഡ് രണ്ടുവശവും അടച്ചിട്ട് രാത്രിയാണ് പ്രവൃത്തി നടത്തുന്നത്. ഹാർബർ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനം. റോഡിന്റെ ഉപരിതലത്തിലെ ടാർ അടർത്തിമാറ്റുമ്പോൾ പൊടിശല്യമുണ്ടാകും.
റോഡ് കോൺക്രീറ്റിങ് രാത്രിയും പകലുമായി നടത്തി അതിവേഗം പൂർത്തിയാക്കുകയാണ് ലക്ഷ്യം. തുറമുഖ വകുപ്പിന്റെ സഹകരണത്തോടെ രണ്ടരക്കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. ജനറൽ ആശുപത്രി ജങ്ഷൻ മുതൽ കെ.ആർ ബിസ്കറ്റ് ബേക്കറി കവല വരെയാണ് ആദ്യഘട്ട പ്രവൃത്തി.
രണ്ടാംഘട്ടത്തിൽ ശാരദ കൃഷ്ണയ്യർ ഓഡിറ്റോറിയം മുതൽ പഴയ ബസ്സ്റ്റാൻഡ് വരെയും കോൺക്രീറ്റ് ചെയ്യും. റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിനിരുവശത്തുമുള്ള ഓവുചാൽ നിർമാണം പൂർത്തിയായി. പുതിയ ബസ്സ്റ്റാൻഡിൽനിന്ന് പിണറായി, അഞ്ചരക്കണ്ടി, മേലൂർ, അണ്ടലൂർ ഭാഗത്തേക്കുള്ള ബസുകൾ പഴയ പെട്രോൾ പമ്പിന് സമീപത്തുനിന്ന് യാത്രക്കാരെ കയറ്റിപ്പോകണം.
പാർക്കിങ്ങിന് ഇടമില്ല; വാഹനങ്ങൾ നിർത്തുന്നത് തോന്നിയ പോലെ
തലശ്ശേരി: നവീകരണത്തിന്റെ ഭാഗമായി ജനറൽ ആശുപത്രി റോഡ് അടച്ചിട്ടതോടെ പാർക്കിങ് തോന്നിയ പോലെ. റോഡ് കയർ കെട്ടി പ്രവേശനം നിരോധിച്ച ഭാഗങ്ങളിലും എം.ജി റോഡിന്റെ ഒരുവശത്തും ഇരുചക്ര വാഹനങ്ങളും കാറുകളും നിർത്തിയിടുകയാണ്. ആശുപത്രി റോഡിൽ ജൂബിലി ഷോപ്പിങ് കോംപ്ലക്സിന് സമീപം നേരത്തെ പാർക്കിങ് സൗകര്യമുണ്ടായിരുന്നു.
എന്നാൽ, വാഹനങ്ങൾ നിർത്തിയിടാൻ പകരം സംവിധാനം ഏർപ്പെടുത്താത്തതിനാൽ ഒഴിവ് കാണുന്ന സ്ഥലങ്ങളിലൊക്കെ ആളുകൾ വാഹനങ്ങൾ കയറ്റിയിടുകയാണ്. ഇതു നഗരത്തിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുകയാണ്. ട്രാഫിക് ക്രമീകരണത്തിന് വേണ്ടത്ര ട്രാഫിക് പൊലീസുകാരില്ലാത്തതും ജനങ്ങളെ വലക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.