തലശ്ശേരി കൂരിരുട്ടിലാണ്
text_fieldsതലശ്ശേരി: കോവിഡ് പശ്ചാത്തലത്തിൽ വൈകീട്ട് അഞ്ചിന് കടകൾ അടക്കുന്നതോടെ വിജനമാകുന്ന നഗരം രാത്രിയായാൽ പൂർണ അന്ധകാരത്തിൽ.
എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചമാണ് കാൽനടക്കാർക്ക് അൽപമെങ്കിലും ആശ്വാസമാകുന്നത്. ലോക്ഡൗൺ കാലത്തുള്ള പ്രതീതിയാണ് രാത്രിയാകുന്നതോടെ നഗരത്തിൽ അനുഭവപ്പെടുന്നത്. നഗരപരിധിയിലെ പ്രധാന റോഡുകളിലെല്ലാം തെരുവു വിളക്കുകൾ യഥാവിധി കാത്താതായിട്ട് മാസങ്ങളായി.
ജോലി കഴിഞ്ഞ് കാൽനടയായി മടങ്ങുന്ന സ്ത്രീകളടക്കമുള്ളവർ രാത്രിയിൽ റോഡിലൂടെ തപ്പിതടഞ്ഞു വേണം വീടണയാൻ. ബസുകൾ ഭൂരിഭാഗം ഒാടാത്തതിനാലും ഒറ്റക്ക് ഒാേട്ടായിൽ പോകാനുളള ബുദ്ധിമുട്ടും കാരണം പലർക്കും കാൽനടയാണ് ശരണം. ആശുപത്രികളിലും ഹോട്ടലുകളിലും മറ്റും ജോലി ചെയ്യുന്നവരാണ് രാത്രിയിൽ കൂടുതൽ പ്രയാസമനുഭവിക്കുന്നത്.
നഗരത്തിൽ സദാസമയവും വാഹനങ്ങൾ കടന്നുപോകുന്ന സംഗമം റെയിൽവേ മേൽപാലം റോഡാണ് ചിത്രത്തിൽ. കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, മാനന്തവാടി, ഉൗട്ടി, ബംഗളൂരു ഭാഗത്തേക്കുള്ള വാഹനങ്ങൾ പ്രധാനമായും പോകുന്നത് ഇതിലൂടെയാണ്.
രാത്രിയിൽ അമിതവേഗത്തിലാണ് വാഹനങ്ങളുടെ വരവും പോക്കും. ഇതിനിടയിൽ ഞെരുങ്ങിയാണ് കാൽനടക്കാർ നീങ്ങുന്നത്. പാലത്തിൽ ഇരുഭാഗത്തുമുളള ഒറ്റ വിളക്കും കത്താറില്ലെന്നാണ് ദിവസവും യാത്ര ചെയ്യുന്നവരുടെ അനുഭവം. വാഹനങ്ങളുടെ അലറിപ്പാച്ചിലിനിടയിൽ പലരും ഭാഗ്യത്തിനാണ് അപകടത്തിൽപെടാതെ രക്ഷപ്പെടുന്നത്.
ഒ.വി റോഡ്, പഴയ ബസ് സ്റ്റാൻഡ്, എം.ജി റോഡ്, കോടതി റോഡ്, നാരങ്ങാപ്പുറം, പുതിയ ബസ്സ്റ്റാൻഡ് റോഡ്, ടൗൺഹാൾ റോഡ്, ചിറക്കര, എരഞ്ഞോളിപ്പാലം എന്നിവിടങ്ങളിലും തെരുവ് വിളക്കുകൾ കൃത്യമായി കത്താറില്ല. കാലവർഷമായതിനാൽ മിക്ക റോഡുകളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
രാത്രിയിൽ തെരുവിൽ വെളിച്ചമില്ലാത്തതിനാൽ വാഹനങ്ങൾ കുഴിയിൽ ചാടുന്നതും അപകടത്തിന് വഴിയൊരുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.