തലശ്ശേരി കുഴിപ്പങ്ങാട് കണ്ടൽക്കാട് കൈയേറ്റം
text_fieldsതലശ്ശേരി: എരഞ്ഞോളി പുഴയോരത്ത് കണ്ടൽക്കാട് കൈയേറ്റം വീണ്ടും വ്യാപകമായി. ചിറക്കര കുഴിപ്പങ്ങാട് പ്രദേശത്താണ് ബുധനാഴ്ച മുതൽ കണ്ടൽക്കാട് കൈയേറ്റം കണ്ടെത്തിയത്. മത്സ്യകൃഷി നടത്താനാണ് കണ്ടൽ വെട്ടിനശിപ്പിക്കുന്നതെന്നാണ് പ്രാഥമിക വിവരം. നേരത്തേ വലിയൊരു ഭാഗം കണ്ടൽ നശിപ്പിച്ച സ്ഥലത്താണ് വീണ്ടും കൈയേറ്റം. ജൈവ സമ്പത്തായ കണ്ടൽ നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തി. ഒന്നരവർഷം മുമ്പ് ചെമ്മീൻ കൃഷി നടത്താൻ കണ്ടൽക്കാടുകൾ വൻതോതിൽ നശിപ്പിച്ച സ്ഥലത്താണ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ വീണ്ടും കണ്ടൽ നശിപ്പിച്ച് മത്സ്യകൃഷി നടത്താൻ നീക്കം നടക്കുന്നത്. കൈയേറ്റത്തിനെതിരെ ഡി.വൈ.എഫ്.ഐ നേരത്തെ കൊടിനാട്ടി പ്രതിഷേധിച്ചതിനെ തുടർന്ന് റവന്യൂ അധികൃതർ ഇടപെട്ട് തടഞ്ഞിരുന്നു. ഇവിടെ വീണ്ടും മത്സ്യകൃഷിക്കായി സ്ഥലമുടമയുടെ അനുമതിയിൽ മറ്റൊരു വ്യക്തിയാണ് പുഴക്ക് സമീപം ബണ്ടുകൾ നിർമിക്കാൻ മരത്തടികൾ എത്തിച്ചത്. നഗരസഭയിലെ 13ാം വാർഡിൽ ഉൾപ്പെടുന്ന സ്ഥലത്ത് കണ്ടൽ വെട്ടിമാറ്റിയിടത്ത് നിലവിൽ ചതുപ്പാണ്. ഇതിലൂടെയാണ് മണ്ണുമാന്തി യന്ത്രമിറക്കിയത്. മത്സ്യകൃഷിയുടെ പേരിൽ വലിയരീതിയിലുള്ള കണ്ടൽ നശീകരണമാണ് നടക്കുന്നത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ പ്രതിഷേധ നടപടികൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. തലശ്ശേരി ടൗൺ ഈസ്റ്റ് മേഖല സെക്രട്ടറി എസ്. സുർജിത്ത്, പ്രസിഡന്റ് എ.ടി. സിജിന, അമൽരാജ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.