തലശ്ശേരി നഗരസഭ: കണ്ടിൻജന്റ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്
text_fieldsതലശ്ശേരി: ഇടതുമുന്നണി ഭരിക്കുന്ന തലശ്ശേരി നഗരസഭയിലെ കണ്ടിൻജന്റ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിന്. തൊഴിലാളികൾ ഉന്നയിക്കുന്ന വിവിധങ്ങളായ ആവശ്യങ്ങളിൽ മുഖം തിരിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പണിമുടക്കിനിറങ്ങുന്നത്.
153 തൊഴിലാളികൾ ജോലി ചെയ്തിരുന്ന തലശ്ശേരി നഗരസഭയിൽ നിലവിൽ 50ഓളം ഒഴിവുകളുണ്ട്. ഇത് നികത്താൻ ആവശ്യപ്പെട്ടിട്ടും നഗരസഭയിലെ ഉത്തരവാദപ്പെട്ടവർ തയാറാവുന്നില്ലെന്ന് ജില്ല മുനിസിപ്പൽ വർക്കേഴ്സ് യൂനിയൻ തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ആറു ഡിവിഷനുകളിലായി ജോലി ചെയ്യുന്ന കണ്ടിൻജന്റ് ജീവനക്കാരിൽ ഭൂരിഭാഗവും 50നു മുകളിൽ പ്രായമുള്ളവരാണ്. തൊഴിലാളികളുടെ ഒഴിവുകൾ നികത്താത്തതിനാൽ ഓരോ ഡിവിഷനു കീഴിലും ജോലിഭാരം ഏറെയാണ്.
വിരമിച്ചവരുടെ ഒഴിവുകളിൽ വർഷങ്ങളായി പകരക്കാരെ നിയമിക്കുന്നില്ല. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി വിഭാഗത്തിലെ തൊഴിലാളികളാണ് തലശ്ശേരി നഗരസഭക്ക് കീഴിൽ ജോലി ചെയ്യുന്നത്. ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി സംയുക്തമായാണ് രണ്ട് യൂനിയനുകളും പ്രവർത്തിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വിവിധ ആവശ്യങ്ങൾ നേടിയെടുക്കാൻ തലശ്ശേരി നഗരസഭക്ക് നോട്ടീസ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു. മുനിസിപ്പൽ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തിലാണ് മാർച്ച് മൂന്നു മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.
കണ്ടിൻജൻറ് തൊഴിലാളികളുടെ സർവിസ് ബുക്ക് കൈകാര്യം ചെയ്യുന്നതിനാവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുക, ബുക്ക് ഓഡിറ്റിങ്ങിന് വിധേയമാക്കുക, 2008 മുതൽ ലഭിക്കേണ്ട ഡി.എ കുടിശ്ശിക പി.എഫിൽ അടക്കുക, ബദൽ തൊഴിലാളികളുടെ കുടിശ്ശിക നേരിട്ട് നൽകുക, നിലവിലുള്ള ഒഴിവുകൾ നികത്തുക തുടങ്ങിയ പതിനഞ്ചോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ സമരത്തിനിറങ്ങുന്നത്.
പ്രസ്തുത ആവശ്യം ഉന്നയിച്ച് യൂനിയൻ നിരവധി തവണ നഗരസഭ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ടവർക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.
സമരത്തിന് പിന്തുണക്കായി മറ്റു സംഘടനകളുടെ സഹായം തേടിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ യൂനിയൻ പ്രസിഡന്റ് വാഴയിൽ വാസു, വൈസ് പ്രസിഡന്റ് ഇ. ശശീന്ദ്രൻ, ജനറൽ സെക്രട്ടറി വി. ശശീന്ദ്രൻ, ജോ. സെക്രട്ടറി സി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.