തലശ്ശേരി നഗരസഭ; കൗൺസിലറെ അയോഗ്യനാക്കി
text_fieldsതലശ്ശേരി: നഗരസഭയിലെ മഞ്ഞോടി വാർഡ് കൗൺസിലർ ബി.ജെ.പിയിലെ കെ. ലിജേഷിനെ അയോഗ്യനാക്കാനുള്ള തീരുമാനം കൗൺസിൽ യോഗത്തിൽ. തുടർച്ചയായി ആറ് മാസക്കാലയളവിലധികമായി സ്റ്റാൻഡിങ് കമ്മിറ്റി / കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ കേരള മുനിസിപ്പാലിറ്റി ആക്ട് 91( I)(കെ) വകുപ്പ് പ്രകാരം അയോഗ്യനായതായി മുനിസിപ്പൽ സെക്രട്ടറി ബിജുമോൻ ജേക്കബ് കൗൺസിൽ യോഗത്തിൽ അറിയിച്ചു.
ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തുടർച്ചയായി ആറ് മാസത്തിലധികമായി നഗരസഭ യോഗങ്ങളിൽ പങ്കെടുക്കാത്തതിനാലാണ് നടപടി. ഇക്കാര്യം ലിജേഷിനെ കണ്ണൂർ ജയിൽ സൂപ്രണ്ട് മുഖാന്തരം അറിയിച്ചതായി സെക്രട്ടറി പറഞ്ഞു. അയോഗ്യനാക്കരുതെന്നാവശ്യപ്പെട്ട് ലിജേഷ് അപ്പീൽ സമർപ്പിച്ചെങ്കിലും കൗൺസിൽ തള്ളി.
സംസ്ഥാന തെരഞ്ഞടുപ്പ് കമീഷനെ സമീപിച്ചിരിക്കുകയാണ് ലിജേഷ്. കൗൺസിലിൽ 36 ാം അജണ്ടയിലാണ് ഈ വിഷയം അവതരിപ്പിച്ചത്. സി.പി.എം പ്രവർത്തകനായ പുന്നോൽ ഹരിദാസൻ വധക്കേസിലെ ഒന്നാം പ്രതിയായ ലിജേഷ് കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ കണ്ണൂർ ജയിൽ സൂപ്രണ്ട് മുഖേന ലിജേഷ് സമർപ്പിച്ച അപേക്ഷ കഴിഞ്ഞ ഏപ്രിൽ 28ന് ചേർന്ന കൗൺസിലിൽ നിരസിച്ചിരുന്നു.
അവധി അപേക്ഷ കൗൺസിൽ നിരസിച്ചത് ചോദ്യം ചെയ്ത് ലിജേഷ് ഫയൽ ചെയ്ത കേസ് ഹൈകോടതി തള്ളി കൊണ്ട് കഴിഞ്ഞ ആഗസ്റ്റ് 17 ന് ഉത്തരവായതാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ കഴിഞ്ഞ ഡിസംബർ 21 ലെ കത്ത് പ്രകാരം ലിജേഷിനെതിരെ മുനിസിപ്പാലിറ്റി ആക്ട് പ്രകാരം തുടർ നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് നഗരസഭയെ അറിയിച്ചതായും സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കി.
എന്നാൽ, സെക്രട്ടറിയുടെ പരാമർശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബി.ജെ.പി അംഗം അഡ്വ. മിലിചന്ദ്ര പറഞ്ഞു. നിയമം അതിന്റെ വഴിക്ക് നടക്കട്ടെയെന്ന ഭരണപക്ഷാംഗങ്ങളുടെ മുഖവുരയോടെ യോഗം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21 നാണ് പുന്നോൽ താഴെ വയലിലെ സി.പി.എം പ്രവർത്തകനായ ഹരിദാസൻ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.