തലശ്ശേരി റെയിൽവേ സ്റ്റേഷൻ നവീകരണം പുരോഗമിക്കുന്നു
text_fields1. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നീളം കൂട്ടി നവീകരിച്ച ടിക്കറ്റ് കൗണ്ടർ 2. ഇറങ്ങാനുള്ള എസ്കലേറ്റർ
തലശ്ശേരി: യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായി തലശ്ശേരി റെയിൽവേ സ്റ്റേഷൻ നവീകരണം. ടിക്കറ്റ് കൗണ്ടർ വിപുലീകരിച്ചും ഇറങ്ങാനുള്ള എസ്കലേറ്റർ സ്ഥാപിച്ചും യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമാണ് പൂർത്തീകരിച്ചത്.
ദീർഘകാലമായി ഒന്നാം പ്ലാറ്റ്ഫോമിൽ അടച്ചിട്ടിരുന്ന ടിക്കറ്റ് കൗണ്ടറാണ് നീളംകൂട്ടി വിപുലീകരിച്ച ശേഷം യാത്രക്കാർക്കായി തുറന്നുകൊടുത്തത്. യാത്രക്കാർക്ക് സ്വയം ടിക്കറ്റ് എടുക്കാൻ ആറ് വെൻഡിങ് മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്. സ്വയം ടിക്കറ്റ് എടുക്കാൻ അറിയാത്തവർക്ക് എടുത്ത് നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയായിരിക്കുമ്പോഴാണ് തലശ്ശേരി സ്റ്റേഷനിൽ എസ്കലേറ്റർ സ്ഥാപിച്ചിരുന്നത്. ഇപ്പോൾ താഴേക്ക് ഇറങ്ങാനുള്ള എസ്കലേറ്ററാണ് സ്ഥാപിച്ചത്. റെയിൽവേ പാസഞ്ചർ അസോസിയേഷന്റെ ദീർഘകാലത്തെ ആവശ്യമാണ് അമൃത ഭാരത് പദ്ധതിയിലുൾപ്പെടുത്തി യാഥാർഥ്യമാക്കിയത്.
ഗോവണി സ്ഥാപിക്കണം
തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ നീളംകൂട്ടാൻ ഗോവണി പൊളിച്ചു നീക്കിയതിനാൽ മുകളിലത്തെ വിശാലമായ ഹാൾ ഉപയോഗിക്കാൻ സാധിക്കുന്നില്ല. മുകളിലേക്ക് കയറാൻ ഉചിതമായ സ്ഥലത്ത് ഗോവണി സ്ഥാപിക്കണമെന്നും രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലും എസ്കലേറ്റർ സ്ഥാപിക്കണമെന്നും തലശ്ശേരി റെയിൽവേ പാസഞ്ചർ അസോസിയേഷൻ ഭാരവാഹികൾ ഡിവിഷനൽ റെയിൽവേ മാനേജരോട് ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.