തലശ്ശേരി റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കും
text_fieldsതലശ്ശേരി: അമൃത് ഭാരത പദ്ധതിയുടെ ഭാഗമായി തലശ്ശേരി, മാഹി, പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുമെന്ന് റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സ്റ്റേഷൻ വികസന പ്രവൃത്തികൾക്കായി 10 മുതൽ 15 കോടി രൂപ വരെ അനുവദിച്ചിട്ടുണ്ട്.
തലശ്ശേരി റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന്റെ ഭാഗമായി ആദ്യഘട്ടം രണ്ട് പ്ലാറ്റ്ഫോമില്‍ മേല്‍ക്കൂര നിര്‍മിക്കും. വിശ്രമമുറികള്‍ വര്‍ധിപ്പിക്കും. ഇരിപ്പിടങ്ങളും സ്ഥാപിക്കും. ആധുനിക രീതിയിലുള്ള ശുചീകരണ സംവിധാനവും ലൈറ്റും സ്ഥാപിക്കും. പുതിയ കെട്ടിടം ആവശ്യമാണെങ്കില്‍ സ്ഥലം കണ്ടെത്തി പുതിയ ബ്ലോക്ക് നിര്‍മിക്കും.
യാത്രക്കാര്‍ നേരിടുന്ന പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി പാര്‍ക്കിങ്ങിനായി സ്ഥലം കണ്ടെത്തും. തൊട്ടടുത്ത കേന്ദ്രഭരണ പ്രദേശമായ മാഹിയിലും റെയില്‍വേ വികസനം കൊണ്ടുവരും. തലശ്ശേരിയില്‍ നിന്നുള്ള മൈസൂരു റെയില്‍വേ പാത നിര്‍മാണം മന്ത്രാലയത്തിന്റെ മുന്നിലുണ്ട്. മൈസൂരു റെയില്‍പാത യാഥാര്‍ഥ്യമാക്കാനാണ് ശ്രമം. സര്‍വേ നടപടിയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്നം നിലനില്‍ക്കുന്നുണ്ട്.
യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചാണ് മുന്നോട്ടുപോകുന്നത്. റീ ഡെവലപ്മെന്റിന്റെ ഭാഗമായി രാജ്യത്തിന്റെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും വികസനത്തിന്റെ കുതിപ്പിലാണുള്ളത്.
ഇതിന്റെ ഭാഗമായാണ് അമൃത് ഭാരത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂർ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലും വികസനം കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ. ഹരിദാസ്, മണ്ഡലം ജനറൽ സെക്രട്ടറി കെ. അനിൽകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.