തലശ്ശേരി റെയിൽവേ; മേൽപാലത്തിൽ വെളിച്ചമെത്തി
text_fieldsതലശ്ശേരി: റെയിൽവേ മേൽപാലം റോഡിൽ ഒടുവിൽ വെളിച്ചമെത്തി. നഗരസഭയിൽനിന്ന് പരസ്യം സ്ഥാപിക്കാൻ പുതുതായി കരാറെടുത്ത സ്വകാര്യ പരസ്യ ഏജൻസിയാണ് ഒ.വി റോഡ് സംഗമം കവല മുതൽ ടി.സി റോഡ് വരെയുള്ള പാലത്തിൽ 38 ഓളം വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചത്. പാലത്തിലെ കൂരിരുട്ടിന് ഇതോടെ വിരാമമായി. മേൽപാലം റോഡിൽ ഇടത്തും വലത്തുമായി 36 ഓളം വിളക്കുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും രാത്രി ഒരെണ്ണമൊഴിച്ച് മറ്റൊന്നും കത്താറില്ലായിരുന്നു. വർഷങ്ങളായി ഇതായിരുന്നു സ്ഥിതി.
വിളക്കുകൾ കത്താത്ത കാര്യം നഗരസഭ കൗൺസിൽ യോഗങ്ങളിൽ അംഗങ്ങൾ പലതവണ ഉന്നയിച്ചിട്ടുണ്ടെങ്കിലും നടപടി അനന്തമായി നീളുകയായിരുന്നു. കാലവർഷം തുടങ്ങിയപ്പോൾ ഇതുവഴിയുള്ള യാത്ര ആളുകൾക്ക് പേടിസ്വപ്നമായി മാറിയിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ജൂൺ 12 ന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. നഗരത്തിൽനിന്ന് കൂത്തുപറമ്പ്, ഇരിട്ടി, ഊട്ടി, ബംഗളൂരു ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്. 1999 ജനുവരി 19ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് റെയിൽവേ മേൽപാലം റോഡ് ഉദ്ഘാടനം ചെയ്തത്.
റോഡിന്റെ ഇരുവശവും നടപ്പാത ഉണ്ടെങ്കിലും വിളക്കുകൾ കത്താത്തതിനാൽ രാത്രി ഇതുവഴി നടന്നുപോകാൻ ആളുകൾക്ക് ഭയമായിരുന്നു. അനിഷ്ഠസംഭവങ്ങൾ പലതവണ ഇവിടെ നടന്നിട്ടുണ്ട്. 38 വിളക്കുകൾ പുതുതായി പാലത്തിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റെയിൽവേ ഭൂമിയിലുള്ള കൂറ്റൻ മരങ്ങളുടെ വളർന്നു പന്തലിച്ച ചില്ലകൾ ഏതാനും വിളക്കുകൾക്ക് മറയാകുകയാണ്. ചില്ലകൾ പൂർണമായി വെട്ടിമാറ്റിയാൽ മാത്രമേ ഇതിന്റെ ഗുണം ലഭിക്കുകയുള്ളു.
നഗരത്തിൽ 82 ഓളം വിളക്കുകൾ സ്ഥാപിക്കാനാണ് പരസ്യ ഏജൻസിക്ക് കരാർ നൽകിയിട്ടുള്ളത്. 90 വാട്സിന്റെ എൽ.ഇ.ഡി വിളക്കുകളാണ് റെയിൽവേ മേൽപാലത്തിൽ സ്ഥാപിച്ചിട്ടുള്ളത്. ജില്ല കോടതി റോഡിലെ സിവ്യൂ പാർക്ക് പരിസരം, വീനസ് കവല, കൊടുവള്ളി പാലം എന്നിവിടങ്ങളിലാണ് മറ്റു വിളക്കുകൾ സ്ഥാപിക്കുന്നത്. വിളക്ക് ഉപയോഗത്തിനുള്ള വൈദ്യുതി ചാർജ് അടക്കുന്നതും അറ്റകുറ്റപ്പണികളും പരസ്യ ഏജൻസി നിർവഹിക്കും. മൂന്ന് വർഷത്തേക്കാണ് കരാർ കാലാവധി.
നടപ്പാതയിൽ സൂക്ഷിക്കണം
കണ്ണൊന്ന് തെറ്റിയിൽ നടപ്പാതയിലെ സ്ലാബിനടിയിൽ കുടുങ്ങി കാലോ, കൈയോ ഒടിഞ്ഞുകുത്തിയെന്നിരിക്കും. നടുവൊടിയാനും സാധ്യതയുണ്ട്. സ്ലാബുകളിൽ ചിലത് വാ തുറന്ന നിലയിലാണ്. രാത്രി അപകടസാധ്യതയേറെ.
പൊങ്ങിയും താണുമിരിക്കുന്ന സ്ലാബുകളിൽ കാൽതെന്നി വീണ് ഇതിനകം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നടപ്പാതയിൽ പാകിയ സ്ലാബുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് ആക്ഷേപമുണ്ടായിരുന്നു. സിമന്റ് കട്ട ഇളകിയാണ് സ്ലാബുകൾ തകരുന്നത്. തകർന്ന സ്ലാബുകളുടെ കമ്പികൾ പുറത്തേക്ക് തള്ളിയ നിലയിലാണ്. വീതി കുറഞ്ഞ പാലത്തിൽ കാൽനടക്കാർക്ക് ഏറെ ആശ്രയമാണ് ഈ നടപ്പാതകൾ. എന്നാൽ തകരുന്ന സ്ലാബുകൾ മാറ്റാനുള്ള നടപടി നീളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.