പരിചരിക്കാൻ ആളില്ല: തലശ്ശേരി കടലോര ഉദ്യാനം കാട്കയറുന്നു
text_fieldsതലശ്ശേരി: നഗരവാസികൾക്ക് സായന്തനം ചിലവഴിക്കാൻ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കടലോര വിശ്രമ കേന്ദ്രം പരിചരിക്കാൻ ആളില്ലാത്തതിനാൽ കാട്കയറുന്നു. രാവിലെ പതിവു ശുചീകരണമൊഴിച്ചാൽ ഈ ഉദ്യാനകേന്ദ്രത്തിൽ പിന്നീടുള്ള സമയങ്ങളിൽ പരിപാലനത്തിന് ആരുമില്ലാത്ത അവസ്ഥയാണ്. ആളുകൾക്കുള്ള ഇരിപ്പിടങ്ങളിൽ പലപ്പോഴും തെരുവുനായകൾ കയറിക്കിടക്കുന്ന കാഴ്ചയാണ്. ഇരിപ്പിടത്തിന് താഴെയുള്ള പുൽത്തകിടികൾ പടർന്ന് കാട്കയറുന്ന നിലയിലായി. രാവിലെ മുതൽ രാത്രി വൈകുന്നത് വരെയുള്ള സമയങ്ങളിൽ തെരുവുനായകൾ ഇവിടെ വിഹരിക്കുകയാണ്. നടപ്പാതയിൽ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനാൽ നായ്ക്കൾ ഇവിടം താവളമാക്കുന്നു. സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ച് അടുത്ത കാലത്ത് കടൽത്തീരം ശുചീകരിച്ചിരുന്നെങ്കിലും ഇപ്പോഴത് പഴയപടിയായി. സിനിമ ചിത്രീകരണം ഉൾപ്പെടെ നടന്ന കളർഫുൾ കടൽത്തീരമാണിത്. പരിപാലനം ശരിയായ വിധത്തിൽ നടക്കാത്തതിനാൽ പൈതൃക തീരത്തിന്റെ സൗന്ദര്യം പതിയെ മങ്ങുകയാണ്.
മാലിന്യം നിറയുന്നു:
കടൽ കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവർക്ക് മനംമടുപ്പിക്കുന്ന അവസ്ഥയാണ് നടപ്പാതയോട് തൊട്ടപ്പുറമുള്ള കാഴ്ച. ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും പ്ലാസ്റ്റിക്കുമുൾപ്പെടെയുള്ളവ തീരത്ത് ദിവസവും നിറയുകയാണ്. കടലോരത്തെ ഭൂരിഭാഗം സ്ഥലവും ഇപ്പോൾ മാലിന്യം തള്ളനുള്ള കേന്ദ്രമായി മാറി. മത്സ്യം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നുള്ള മലിനജലം ഒഴുക്കുന്നതും ഇവിടെയാണ്. രാത്രികാലങ്ങളിലാണ് ഇത് പതിവാകുന്നത്.
വാഹനങ്ങളിൽ കൊണ്ടുവന്നാണ് കടൽതീരത്ത് മാലിന്യം തള്ളുന്നത്. നായ്ക്കളും പൂച്ചയും കാക്കകളും ഇവ കൊത്തിവലിച്ച് പരിസരമാകെ വൃത്തിഹീനമാക്കുന്നു. കോഴി അവശിഷ്ടം, ചീഞ്ഞളിഞ്ഞ പഴവർഗങ്ങൾ, പച്ചക്കറികൾ, അറവുമാലിന്യം, മത്സ്യം കയറ്റിയെത്തുന്ന വാഹനങ്ങളിൽനിന്നുളള വലിയ തെർമോകോൾ പെട്ടികൾ അങ്ങനെ പലതുമുണ്ട്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെയും കല്യാണ വീടുകളിൽനിന്നുള്ള മാലിന്യങ്ങളും കടലോരത്ത് തള്ളുന്നവരുമുണ്ട്. ശുചിത്വപൂർണമാക്കുന്നതിന് സർക്കാർ പ്രവർത്തിക്കുമ്പോഴും കടലോരത്തിന്റെ അവസ്ഥക്ക് മാറ്റമില്ല. പാലത്തിന് സമീപം നിരീക്ഷണ കാമറകളുണ്ടെങ്കിലും മാലിന്യം തള്ളുന്നവർക്കെതിരെ ഒരു നടപടിയുമില്ല.
ഒടിഞ്ഞുതൂങ്ങി വിളക്കുകൾ:
കടലോര നടപ്പാതയിലും തെരുവോരങ്ങളിലും വെളിച്ചംപകർന്ന വിളക്കുകളിൽ ചിലതൊക്കെ ഒടിഞ്ഞുതൂങ്ങിക്കിടക്കുന്നു. പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കടലോര നടപ്പാതയൊരുക്കിയതും പിയർ റോഡും പരിസരവും നവീകരിച്ചതും. ഇവിടെയൊക്കെ കാസ്റ്റ് അയേൺ വിളക്കുകൾ സ്ഥാപിച്ചത് മുതൽതന്നെ പരാതി ഉയർന്നിരുന്നു. ഉപ്പു കാറ്റേറ്റ് വിളക്കുകളിൽ ചിലത് തൂണിൽ നിന്ന് തെന്നിനിൽക്കുകയാണ്. നടപ്പാതയിൽ വിശ്രമിക്കാനെത്തുന്നവർക്ക് വിളക്കുകാൽ അപകടക്കെണിയാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.