ശതാബ്ദി നിറവിൽ തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ
text_fieldsതലശ്ശേരി: ഹോളി റോസറി കത്തോലിക്ക ദേവാലയത്തിന്റെ തണലിൽ വളർന്ന തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി നിറവിൽ. വടക്കേ മലബാറിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ തിളങ്ങിനിൽക്കുന്ന സ്കൂളിന്റെ നൂറാം വാർഷികത്തിന് 12ന് തിരിതെളിയും. ശതാബ്ദിയാഘോഷം വർണാഭമാക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ മാനേജ്മെന്റും പി.ടി.എയും വിദ്യാർഥികളും പൂർവ വിദ്യാർഥികളും പൂർവ അധ്യാപകരുമൊക്കെ.
ഒരു വർഷക്കാലം നീളുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 12ന് രാവിലെ 10ന് സ്കൂളിലെ പൂർവവിദ്യാർഥി കൂടിയായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും.
ജാതിമത ഭേദമില്ലാതെ സൗജന്യ വിദ്യാഭ്യാസം നൽകുന്നതിന് ക്രിസ്ത്യൻ മിഷനറിമാർ 1922ൽ സ്ഥാപിച്ച ഇന്ത്യൻ മിഡിൽ സ്കൂൾ എന്ന ആംഗ്ലോ-ഇന്ത്യൻ ബോയ്സ് സ്കൂളാണ് സെന്റ് ജോസഫ്സ് സ്കൂളായി മാറിയത്. കടലോരത്തെ തലശ്ശേരി കോട്ടക്ക് സമീപം പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഹോളി റോസറി കത്തോലിക്ക ദേവാലയത്തിനടുത്താണ് വിദ്യാലയം സ്ഥാപിതമായത്. ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഗലാന്റയാണ് സ്കൂളിന്റെ സ്ഥാപക മാനേജർ.
രണ്ടാം ലോക യുദ്ധകാലത്ത് ഗലാന്റ വീട്ടുതടങ്കലിലായപ്പോൾ 1939ൽ ഫാ. ജോൺ ബാപ്റ്റിസ്റ്റ് റോഡ്രിഗ്സ് മാനേജറായി. 1941ലാണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. 2000ത്തിൽ ഹയർ സെക്കൻഡറിയായി. 78 വർഷം ആൺകുട്ടികളുടെ സ്കൂളായിരുന്നു സെന്റ് ജോസഫ്സ്. 2019ൽ പെൺകുട്ടികൾക്കും പ്രവേശനം നൽകി.
ചരിത്രത്തിൽ ആദ്യമായി പെൺകുട്ടികൾ എസ്.എസ്.എൽ.സി പൊതുപരീക്ഷ എഴുതാൻ തയാറെടുക്കുന്നതും ശതാബ്ദി വർഷത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.