തലശ്ശേരി സ്റ്റേഡിയം നടത്തിപ്പ്; നഗരസഭയെ ഏൽപിക്കുന്നത് പരിഗണിക്കും
text_fieldsതലശ്ശേരി: നഗരത്തിലെ വി.ആര്. കൃഷ്ണയ്യര്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭക്ക് പാട്ട വ്യവസ്ഥയില്‍ കൈമാറണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് റവന്യൂ മന്ത്രി കെ. രാജൻ ഉറപ്പു നല്കി. തലശ്ശേരി മണ്ഡലത്തിലെ വികസന പദ്ധതികൾ സംബന്ധിച്ച് സ്പീക്കർ എ.എൻ. ഷംസീറും റവന്യു വകുപ്പ് മന്ത്രി കെ. രാജനും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം.
റവന്യൂ, കായിക വകുപ്പുമന്ത്രിമാർ പങ്കെടുത്ത് ജൂലൈ 11ന് സ്പീക്കറുടെ ചേംബറില്‍ ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. റവന്യു ഭൂമിയിലുള്ള വി.ആര്. കൃഷ്ണയ്യര്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ നിലവിലെ പരിപാലന ചുമതലക്കാര്‍ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ്.
തലശ്ശേരി കോടതി മുതല്‍ സിവ്യൂ പാര്‍ക്ക് വരെയുള്ള ക്ലിഫ് വാക്ക് പദ്ധതിക്ക് ഭൂമി അനുവദിക്കല്‍, സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ സ്മരണ ഉയര്‍ത്തുന്ന ജവഹര്‍ഘട്ടിന്റെ പുനരുദ്ധാരണത്തിന് കടല്‍പുറമ്പോക്ക് ഉപയോഗപ്പെടുത്തല്‍, കുയ്യാലി നദീതീര സൗന്ദര്യവത്കരണ പദ്ധതി, വെയര്‍ഹൗസിന്റെ 80 സെന്റ് സ്ഥലമേറ്റെടുത്ത് സിവില്‍ സ്റ്റേഷന് കോംപ്ലക്സ് നിര്‍മാണം തുടങ്ങി സ്പീക്കര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് റിപ്പോര്‍ട്ട് തേടും. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ലാൻഡ്റവന്യൂ ജോയന്റ് കമീഷണര്‍ എ. ഗീത, അസി. കമീഷണര്‍ അനു എസ്. നായര്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന് നായര്‍, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി അര്ജുന് എസ്. കുമാര്‍ എന്നിവര്‍ നേരിട്ടും കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്, സര്‍വേ - ഭൂരേഖ വകുപ്പ് ഡയറക്ടര്‍ സീറാം സാംബശിവ റാവു എന്നിവര്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.