ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ തമീസ് വീടണഞ്ഞു
text_fieldsതലശ്ശേരി: കിഴക്കൻ യുക്രെയ്ൻ നഗരമായ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥി സംഘത്തിലെ കതിരൂർ അഞ്ചാം മൈലിലെ ഹലീമ മൻസിലിൽ എ.കെ. അബ്ദുല്ല തമീസ് സുരക്ഷിതനായി വീടണഞ്ഞു. ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഈ വിദ്യാർഥി. കാതടപ്പിക്കുന്ന സ്ഫോടനങ്ങളും ഷെല്ലാക്രമണവും ഓർക്കുമ്പോൾ തമീസിന് ഞെട്ടലാണ്. ഭക്ഷണത്തിനും വെള്ളത്തിനുമായി വളരെയധികം ദുരിതം അനുഭവിച്ചു.
തണുത്തുറഞ്ഞ കാലാവസ്ഥയിൽ ഐസ് ശേഖരിച്ചുവെച്ചാണ് ഉപയോഗിക്കാനുള്ള വെള്ളം കണ്ടെത്തിയതെന്ന് അബ്ദുല്ല തമീസ് പറഞ്ഞു. സുമി സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ് അബ്ദുല്ല തമീസ്. ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. യുദ്ധം തുടങ്ങിയതു മുതൽ സുമിയിൽ പ്രശ്നങ്ങളായിരുന്നു. നേരത്തേ ഹോസ്റ്റലിലായിരുന്നു താമസമെങ്കിലും പിന്നീട് ഫ്ലാറ്റിലേക്ക് മാറി.
സ്ഥിതിഗതികൾ മാറിമറിഞ്ഞതോടെ ഹോസ്റ്റലിലേക്ക് മാറി. അപകട സൈറൺ മുഴങ്ങുമ്പോൾ ഹോസ്റ്റലിലെ ബങ്കറിൽ അഭയം തേടി. മടങ്ങാനുള്ള ശ്രമത്തിനിടെ സ്ഫോടനം ഉണ്ടായപ്പോൾ യാത്ര മുടങ്ങി. ഈ മാസം എട്ടിന് ബസ് മാർഗം സുമി ബോർഡർ ക്രോസ് ചെയ്ത് പോൾട്ടാവയിൽ എത്തി.
തുടർന്ന് ട്രെയിൻ മാർഗം ലിവിവിലും ഇവിടെനിന്ന് പോളണ്ടിലും എത്തി. പിന്നീട് ഉത്തർപ്രദേശിലെ ഗാസിയാബാദിലെത്തി. തുടർന്ന് ഡൽഹിയിൽനിന്ന് കൊച്ചിയിലെത്തി. ഇവിടെനിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് തലശ്ശേരിയിലെത്തിയത്. തമീസ് മടങ്ങിവരുന്നതും കാത്ത് പ്രാർഥനയുമായി കഴിയുകയായിരുന്നു മാതാപിതാക്കളായ എ.കെ. ഹനീഫയും റബീനയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.