മുഹമ്മദ് സയാന്റെ സത്യസന്ധതക്ക് തങ്കത്തിളക്കം
text_fieldsതലശ്ശേരി: വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ 12 പവൻ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചുനൽകി വിദ്യാർഥി സത്യസന്ധത തെളിയിച്ചു. തലശ്ശേരി സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സയാൻ സലീമിനാണ് സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
ഉമ്മ റുക്സാനയോടൊപ്പം ഒരു കല്യാണത്തിനുപോയി തിരിച്ചു വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വഴിമധ്യേ ചേറ്റംകുന്ന് ജങ്ഷനിൽനിന്നാണ് ബാഗ് ലഭിച്ചത്. സ്വർണമടങ്ങിയ ബാഗ് മുഹമ്മദ് സയാൻ ഉടനെ അടുത്തുള്ള കടക്കാരനെ ഏൽപിച്ചു. പിന്നീട് ഉമ്മ റുക്സാന ജനമൈത്രി പൊലീസിനെ ബാഗ് ലഭിച്ച വിവരം അറിയിച്ചു. അഞ്ച് ലക്ഷത്തോളം രൂപ മതിപ്പുള്ളതായിരുന്നു ആഭരണങ്ങൾ.
അന്വേഷണത്തിൽ പന്ന്യന്നൂരിലുള്ള ഉടമസ്ഥരെ കണ്ടെത്തി സ്വർണം തിരിച്ചേൽപിക്കുകയായിരുന്നു. ചേറ്റംകുന്ന് ഖദീജ മൻസിലിൽ സലീം-റുക്സാന ദമ്പതികളുടെ മകനാണ് മുഹമ്മദ് സയാൻ സലീം. മുഹമ്മദ് സയാനെ സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് കെ.വി. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ ഫാ. ബിനു ക്ലീറ്റസ് ഉപഹാരം കൈമാറി. പ്രിൻസിപ്പൽ ഡെന്നി ജോൺ ഹാരാർപ്പണം നടത്തി. പ്രധാനാധ്യാപകൻ സി.ആർ. ജെൻസൺ, മദർ പി.ടി.എ പ്രസിഡൻറ് രുക്മിണി ഭാസ്കരൻ, സ്റ്റാഫ് സെക്രട്ടറി ഫിലോമിന ജോർജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.