പിയർ റോഡ് അടച്ചിടാനുള്ള തീരുമാനം; തലശ്ശേരി നഗരസഭ ഓഫിസിലേക്ക് മാർച്ച്
text_fieldsതലശ്ശേരി: മത്സ്യ -മാംസ മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾക്ക് പിയർ റോഡിൽ കടൽപാലത്തിന് സമീപം നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് നഗരസഭ ഓഫിസിലേക്ക് മാർച്ച്.
മത്സ്യ-മാംസ മാർക്കറ്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകളാണ് നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തിയത്. നഗരസഭ ഓഫിസ് ഗേറ്റിൽ മാർച്ച് പൊലീസ് തടഞ്ഞതോടെ തള്ളുമായി. എം.ജി റോഡിൽ ഗതാഗത തടസ്സവുമുണ്ടായി.
തലശ്ശേരി മൊത്ത മത്സ്യ -മാംസ മാർക്കറ്റിലേക്ക് വ്യാപാരാവശ്യത്തിന് എത്തുന്ന വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ ദിവസവും വൈകീട്ട് മൂന്നു മുതൽ പുലർച്ച മൂന്നുവരെ പിയർ റോഡ് കടൽപ്പാലം പരിസരത്ത് റോഡ് അടച്ചിടാനാണ് നഗരസഭ കൗൺസിൽ യോഗത്തിൽ ശനിയാഴ്ച തീരുമാനിച്ചത്.
പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെ കൗൺസിൽ യോഗം പ്രമേയം അംഗീകരിക്കുകയായിരുന്നു. മൊത്ത മത്സ്യ മാർക്കറ്റ് ഇവിടെനിന്ന് നീക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് വ്യാപാരികൾ പറയുന്നത്.
മുനിസിപ്പൽ ഭരണസമിതിയുടെ ഒളി അജണ്ട നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായാണ് റോഡ് അടച്ചിടാനുള്ള തീരുമാനമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
രാവിലെ പത്തരയോടെ കടപ്പുറത്ത് നിന്നാരംഭിച്ച മാർച്ച് നഗരം ചുറ്റി നഗരസഭ ഓഫിസിലേക്ക് എത്തുകയായിരുന്നു. റോഡ് അടച്ചിടാനുള്ള നഗരസഭയുടെ തീരുമാനം ശക്തിയുക്തം എതിർക്കുമെന്ന് സമിതി നേതാക്കൾ വ്യക്തമാക്കി.
മാർച്ചിന് ശേഷം നഗരസഭക്ക് മുന്നിൽ നടന്ന ധർണ എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം ഉദ്ഘാടനം ചെയ്തു. ഫൈസൽ പുനത്തിൽ അധ്യക്ഷത വഹിച്ചു. സജീവ് മാറോളി, ടി. രാഘവൻ, റഷീദ് തലായി, കെ. ഹക്കീം, പാലക്കൽ അലവി, സാജിദ് കോമത്ത്, ഹംസകോയ, കെ. ഷാനവാസ്, ഷബീർ തുടങ്ങിയവർ സംസാരിച്ചു. ബഷീർ പാറപ്രം സ്വാഗതവും നൗഷാദ് കായ്യത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.