അരക്കോടി ചെലവിൽ നിർമിച്ച ശൗചാലയം നോക്കുകുത്തി
text_fieldsതലശ്ശേരി: അരക്കോടി ചെലവിൽ നഗരമധ്യത്തിൽ നിർമിച്ച ശൗചാലയം നോക്കുകുത്തിയായി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംസ്ഥാന സർക്കാറിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം നിർമിച്ചതാണ് ഈ ശൗചാലയം. മാസങ്ങളോളം പൊടികയറി അനാഥമായിക്കിടക്കുന്ന കെട്ടിടത്തിന്റെ പുറംഭാഗവും പരിസരവും സാമൂഹിക വിരുദ്ധർ താവളമാക്കി മാറ്റിയിരിക്കുകയാണ്.
ശൗചാലയത്തിലെ വാഷ് ബെയിസിൻ പൊടിപിടിച്ച് നാശമായി. ചുറ്റും ചപ്പുചവറുകൾ നിറഞ്ഞ് പരിസരം മലിനമായി. ശൗചാലയത്തിൽ താഴത്തും മുകളിലുമായി 16 പേർക്ക് വീതം ഉപയോഗിക്കാനുള്ള സൗകര്യമാണുള്ളത്. കുളിക്കാൻ ഷവർ, സാധനങ്ങൾ സൂക്ഷിക്കാൻ ക്ലോക്ക്‌റൂം എന്നീ സൗകര്യങ്ങളുമുണ്ട്.
പ്രവർത്തനം തുടങ്ങിയാൽ കുടുംബശ്രീയുടെ കഫേ തുടങ്ങാനും പദ്ധതിയുണ്ട്. കെട്ടിടനിർമാണം പൂർത്തിയായിട്ട് ഒരു വർഷമായി. കെട്ടിടത്തിന്റെ പണികളൊക്കെ പൂർത്തിയായ ശേഷമാണ് വെള്ളത്തെക്കുറിച്ച് ആലോചന ഉയർന്നത്. വെള്ളം ലഭിക്കാൻ ബുദ്ധിമുട്ടായതോടെ ഉദ്ഘാടനം അനിശ്ചിതമായി.
ശൗചാലയത്തിന് ആവശ്യമായ വെള്ളം ലഭിക്കാനുള്ള സൗകര്യം ഇവിടെയില്ല. കെട്ടിടത്തിന്റെ എതിർവശത്ത് റോഡിന്റെ അപ്പുറത്താണ് വെള്ളമുള്ളത്. വാട്ടർ അതോറ്റിയുടെ പ്രധാനലൈൻ അതുവഴിയാണ് കടന്നുപോകുന്നത്. അവിടെ നിന്ന് വെള്ളം എത്തിക്കാൻ റോഡ് മുറിക്കണം. കോൺക്രീറ്റ് ചെയ്ത റോഡ് മുറിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കെ.എസ്.ടി.പി. ഇതോടെ റോഡിനടിയിലൂടെ വെള്ളമെത്തിക്കാനായി ശ്രമം.
വെള്ളം ലഭ്യമല്ലാതിടത്ത് ഇത്തരമൊരു കെട്ടിടം നിർമിച്ചതിന് അധികൃതർക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. കൃത്യമായ ആലോചന ഇല്ലാതെ ഉദ്യോഗസ്ഥർ തീരുമാനിച്ച പദ്ധതി ഇപ്പോൾ നഗരത്തിന് ബാധയായി മാറിയിരിക്കുകയാണ്. വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്ന് നഗരസഭാധികൃതർ പറയുന്നുണ്ടെങ്കിലും ഉദ്ഘാടനം നീളുകയാണ്. വലിയ തുക ചെലവിട്ട് നിർമിച്ച കെട്ടിടം നോക്കുകുത്തിയായി മാറ്റിയതിൽ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും മൗനം പാലിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.