നഗരസഭാംഗം ഇടപെട്ടു; മാലിന്യക്കൂമ്പാരം നീങ്ങി
text_fieldsതലശ്ശേരി: ചിറക്കര പളളിത്താഴ പെട്രോൾ പമ്പിന് സമീപത്തെ റോഡരികിൽ വർഷങ്ങളായി കെട്ടിക്കിടന്ന മാലിന്യക്കൂമ്പാരം നഗരസഭാംഗം കെ.പി. അൻസാരി മുൻകൈയെടുത്ത് നിർമാർജനം ചെയ്തു. മാലിന്യം നീങ്ങിയതോടെ പ്രദേശത്തെ ദുർഗന്ധത്തിന് ശമനമായി.
കുമിഞ്ഞുകൂടിയ മാലിന്യത്തിൽനിന്ന് ദുർഗന്ധമുയർന്ന് പ്രദേശവാസികൾ ദുരിതമനുഭവിക്കുന്നത് സംബന്ധിച്ച് ‘മാധ്യമം’ മേയ് ഒമ്പതിന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മാഹിനലി സാഹിബ് റോഡ് തുടങ്ങുന്ന ഭാഗത്ത് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നിടത്ത് റോഡരികിലെ തുറസ്സായ സ്ഥലമാണ് മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിരുന്നത്.
തപാൽ വകുപ്പിന് കീഴിലുള്ളതാണ് ഈ സ്ഥലം. രാത്രിയിലാണ് ആളുകൾ ഇവിടെ മാലിന്യം തള്ളുന്നത്. പ്ലാസ്റ്റിക് കവറിലും ചാക്കുകളിലുമായി തള്ളുന്ന മാലിന്യം തെരുവ് നായകൾ കടിച്ചുവലിച്ച് പരിസരമാകെ വൃത്തിഹീനമാവുകയാണ്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, അറവ് മാലിന്യം, ഹോട്ടൽ മാലിന്യം, ഉപയോഗശ്യൂനമായ ട്യൂബ് ലൈറ്റുകൾ, ചീഞ്ഞളിഞ്ഞ പഴവർഗങ്ങൾ, വീടുകളിൽ നിന്നുളള മാലിന്യം തുടങ്ങിയവയെല്ലാം ഇവിടെ കെട്ടിക്കിടന്ന് പ്രദേശമാകെ ദുർഗന്ധപൂരിതമായിരുന്നു.
മാലിന്യനിക്ഷേപം പതിവായതോടെ തെരുവ് നായ് ശല്യവും പ്രദേശത്ത് വ്യാപകമായി. തപാൽ വകുപ്പിന്റെ സ്ഥലമായതിനാൽ നഗരസഭ ആരോഗ്യവിഭാഗം അധികൃതർ മാലിന്യനിക്ഷേപം തടയുന്നതിന് നടപടി സ്വീകരിച്ചിരുന്നില്ല.
നേരത്തെ നഗരസഭയുടെയും എൻ.എസ്.എസ് വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തിൽ സ്ഥലം ശുചീകരിക്കാൻ മുന്നിട്ടിറങ്ങിയിരുന്നുവെങ്കിലും കേന്ദ്രസർക്കാറിന് കീഴിലുള്ള സ്ഥലമായതിനാൽ ശുചീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നഗരസഭ തപാൽ വകുപ്പിന് നിവേദനം നൽകിയിരുന്നുവെങ്കിലും മറുപടിയുണ്ടായില്ല. റോഡരികിൽ നിരവധി ആരോഗ്യ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെ സ്ഥിതിചെയ്യുന്നുണ്ട്.
മഴക്കാലമായാൽ ഇവിടെ പകർച്ചവ്യാധി ഭീതിയുയരുന്നത് മുന്നിൽ കണ്ടാണ് വാർഡ് കൗൺസിലർ കെ.പി. അൻസാരി മാലിന്യം നീക്കം ചെയ്യാൻ മുന്നിട്ടിറങ്ങിയത്. മണ്ണുമാന്തി യന്ത്രമെത്തിച്ച് തൊട്ടടുത്ത സ്ഥലത്ത് വലിയ കുഴിയെടുത്ത് മാലിന്യം അതിലേക്ക് താഴ്ത്തി മണ്ണിട്ട് മൂടുകയായിരുന്നു. കുഴി മൂടിയ ശേഷം പരിസരമാകെ ശുചീകരിച്ചു.
ഈ സ്ഥലം പ്ലാസ്റ്റിക് ഷീറ്റ് കെട്ടി മറക്കുമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ നഗരസഭ ആരോഗ്യവിഭാഗത്തോട് ആവശ്യപ്പടുമെന്നും കൗൺസിലർ കെ.പി. അൻസാരി പറഞ്ഞു. ശുചീകരണത്തിന് കൗൺസിലർക്കൊപ്പം പ്രദേശത്തെ ഏതാനും യുവാക്കളും ഒന്നിച്ചുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.