തലശ്ശേരിയിലെ പഴയ ബംഗ്ല തറവാട് ഓർമയായി
text_fieldsതലശ്ശേരി: നഗരത്തിലെ പുരാതന തറവാട് പൊളിച്ചതിൽ ആരോപണവുമായി അവകാശികൾ രംഗത്ത്. നഗരസഭ ഓഫിസിന് സമീപത്തെ രണ്ട് നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള പഴയ ബംഗ്ല തറവാടാണ് ഒറ്റ രാത്രിയിൽ അപ്രത്യക്ഷമായത്. നിരവധി മുറികളുള്ള ഇരുനിലകളിലായി തല ഉയർത്തി നിന്ന കെട്ടിടമാണ് കഴിഞ്ഞ ദിവസം അർധരാത്രി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. അവകാശികളിൽ ചിലരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് തറവാട് പൊളിച്ചുമാറ്റിയതെന്ന് ആരോപണമുയർന്നു.
കൂത്തുപറമ്പിൽ താമസിക്കുന്ന വി.വി. അഷ്റഫാണ് ആരോപണവുമായി രംഗത്തെത്തിയത്. അഷ്റഫിന്റെ ജ്യേഷ്ഠൻ അസീസ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതായാണ് വിവരം. ഇരുവരും പഴയ ബംഗ്ലയുടെ അവകാശികളാണെന്നും അറിയിച്ചു. മുമ്പ് 30 ഓളം കുടുംബങ്ങളിലുള്ള നൂറോളം അംഗങ്ങൾ താമസിച്ച ബംഗ്ലയിൽ അവസാന നാളുകളിൽ ഒരു കുടുംബത്തിൽ പെട്ട 15 ഓളം പേർ മാത്രമേ ശേഷിച്ചിരുന്നുള്ളു. മറ്റുള്ളവരെല്ലാം അവകാശം വാങ്ങി ഒഴിഞ്ഞു പോയതാണെന്ന് കുടുംബാംഗവും തലശ്ശേരി നഗരസഭ കൗൺസിലുമായ ബംഗ്ല ഷംസു പറഞ്ഞു. ഇവിടെ അവസാനമായി താമസിച്ചത് ഷംസുവിന്റെ കുടുംബാംഗങ്ങളാണ്. അവരെല്ലാം കഴിഞ്ഞയാഴ്ച മറ്റിടങ്ങളിലേക്ക് താമസം മാറി. സ്ഥലം ഏറ്റെടുത്തവരാണ് തറവാട് പൊളിച്ചു നീക്കിയത്. കല്ലും മണ്ണും പഴകിയ കട്ടിലകളുമാണ് സ്ഥലത്ത് അവശേഷിക്കുന്നത്. അപകട നിലയിലുള്ള പഴയ കെട്ടിടങ്ങൾ എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റണമെന്ന് സർക്കാറിന്റെയും നഗരസഭയുടെയും നിർദേശമുണ്ടെന്നും അതും കൂടി പരിഗണിച്ചാണ് തറവാട് കെട്ടിടം പൊളിച്ചു മാറ്റിയതെന്നും ഷംസു പറഞ്ഞു. ബംഗ്ലയുടെ പുതിയ തറവാട് ഒരു പോറലുമില്ലാതെ ഇതിന് സമീപത്തായി ഇപ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.