മാലമോഷണ കേസ്: മൂന്നു യുവതികൾ അറസ്റ്റിൽ
text_fieldsതലശ്ശേരി: യാത്രക്കിടയിൽ സ്ത്രീകളുടെ സ്വർണമാല തട്ടിയെടുക്കുന്ന സംഘത്തിലെ മൂന്നുയുവതികൾ പൊലീസ് പിടിയിൽ. തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളായ പാർവതി (28), നിഷ (28), കാർത്യായനി (38) എന്നിവരാണ് പയ്യന്നൂരിൽ പിടിയിലായത്. തലശ്ശേരി പെരുന്താറ്റിൽ സ്വദേശിനി കമലയുടെ എട്ട് പവൻ തൂക്കമുളള താലിമാല ഓട്ടോയാത്രക്കിടയിൽ തട്ടിയെടുത്ത സംഭവത്തിലാണ് ഇവർ അറസ്റ്റിലായത്.
തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐ പി.പി. രൂപേഷിന്റെ സന്ദർഭോചിതമായ നീക്കത്തിലൂടെയാണ് പയ്യന്നൂർ പെരളത്ത് നിന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. പിന്നീട് പയ്യന്നൂർ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരക്കുള്ള ബസുകളിലും മറ്റും സ്ത്രീകളെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. തലശ്ശേരിക്ക് പുറമെ ന്യൂമാഹി, മട്ടന്നൂർ, പരിയാരം, കോഴിക്കോട് ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുള്ളതായാണ് വിവരം.
പയ്യന്നൂരിൽ ബന്ധു വീട്ടിലെത്തിയ എസ്.ഐ രൂപേഷ് കൈയിലുള്ള ഫോണിൽ സൂക്ഷിച്ച സി.സി.ടി.വി ദൃശ്യത്തിൽ നിന്ന് പ്രതികളെ തിരിച്ചറിയുകയും ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന സംഘത്തെ കാറിൽ പിന്തുടർന്ന് വിദ്യാർഥികളുടെയും പരിസരവാസികളുടെയും സഹായത്തോടെ തടഞ്ഞുവെച്ച് പയ്യന്നൂർ പൊലീസിന് കൈമാറുകയായിരുന്നു.
കുടുക്കിയത് എസ്.ഐയുടെ തന്ത്രപരമായ നീക്കം
തലശ്ശേരി: നിരവധി മാലമോഷണക്കേസുകളില്‍ പ്രതികളായ തമിഴ്നാട് സ്വദേശിനികളായ മൂന്ന് യുവതികളെ പിടികൂടിയത് തലശ്ശേരി പൊലീസിലെ എസ്.ഐ പി.പി. രൂപേഷിന്റെ ജാഗ്രതയും തന്ത്രപരമായ നീക്കവും. പയ്യന്നൂരിൽ ഭാര്യാഗൃഹത്തിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു എസ്.ഐ. വീടിനു പുറത്തിറങ്ങിയപ്പോൾ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവതികളെ എസ്.ഐ പിന്തുടരുകയായിരുന്നു.
ഫോണിൽ സൂക്ഷിച്ചിരുന്ന മോഷണസംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞതോടെയാണ് പിടികൂടാനുള്ള നീക്കമുണ്ടായത്. പെരളം ഗ്രാമീൺ ബാങ്കിനു സമീപത്ത് നിന്നാണ് യുവതികൾ പിടിയിലായത്. കഴിഞ്ഞ ജനുവരി മൂന്നിന് തലശ്ശേരി സംഗമം കവലയിൽ നിന്ന് ഓട്ടോയിൽ വിളിച്ചു കയറ്റി യാത്രക്കിടയിൽ പെരുന്താറ്റിൽ സ്വദേശിനി കമല (70) യുടെ ഏഴ് പവൻ തൂക്കമുള്ള താലിമാല കവർന്ന കേസിലാണ് ഇവർ അറസ്റ്റിലായത്.
ഈ കേസിന്റെ അന്വേഷണ ചുമതല എസ്.ഐ രൂപേഷിനായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ മൂവരെയും പയ്യന്നൂർ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിന്റെ നീക്കം മനസ്സിലാക്കിയ യുവതികളിൽ ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായി എസ്.ഐ രൂപേഷ് പറഞ്ഞു. പരിസരത്തുണ്ടായിരുന്ന രണ്ട് വിദ്യാർഥികളാണ് യുവതിയെ തടഞ്ഞുവെച്ചത്.
തങ്ങള്‍ മോഷണക്കേസിലെ പ്രതികളല്ലെന്നും ആളുമാറിയതാണെന്നും യുവതികൾ നാട്ടുകാരോട് പറഞ്ഞു. എന്നാൽ അവരാരും ഇത് മുഖവിലക്കെടുത്തില്ല.ഇതിനിടെ പിടിക്കപ്പെടുമെന്നായപ്പോള്‍ യുവതികളില്‍ ഒരാള്‍ ഓട്ടോയില്‍ നിന്നും ഇറങ്ങി സ്വന്തം വസ്ത്രം സ്വയംവലിച്ചുകീറി കേസ് തിരിച്ചുവിടാനുള്ള നീക്കവും നടത്തി.
പയ്യന്നൂർ പൊലീസിന്റെ സഹായത്തോടെ യുവതികളെ തലശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. മാലമോഷണക്കേസില്‍ യുവതികള്‍ പിടിയിലായെന്ന വിവരമറിഞ്ഞ് യാത്രക്കിടെയും മറ്റും മാല നഷ്ടപ്പെട്ട നിരവധി സ്ത്രീകള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നുണ്ട്.
മറ്റു ജില്ലകളിലും ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. യാത്രാമധ്യേ സ്റ്റോപ്പുകളില്‍ തനിച്ചുനില്ക്കുന്ന സ്ത്രീകളെ ലക്ഷ്യമിടുന്ന ഇവര്‍ ഓട്ടോയില്‍ വഴിയില്‍ ഇറക്കാമെന്ന് പറഞ്ഞ് വിളിച്ചുകയറ്റിയാണ് സൂത്രത്തില്‍ മാല മോഷണം നടത്തുന്നത്.
സഹയാത്രികരെ മയക്കിയാണ് മോഷണം നടത്തുന്നതെന്നും പറയപ്പെടുന്നുണ്ട്. യുവതികളുടെ പേരും വിലാസവും യഥാർഥമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.