തലശ്ശേരിയിൽ മൊബൈൽ കടകളിൽ മോഷണം
text_fieldsതലശ്ശേരി: നഗരമധ്യത്തിൽ മൊബൈൽ കടകളിൽ മോഷണം. എം.എം റോഡിലെ നെക്സ്റ്റ്, ഫോണോ ക്ലബ് എന്നിവിടങ്ങളിലാണ് ബുധനാഴ്ച പുലർച്ചെ മോഷണം നടന്നത്. നെക്സ്റ്റ് മൊബൈൽ ഷോപ്പിൽ നിന്ന് വിൽപനക്കായി സൂക്ഷിച്ച 39 മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ച്, മെമ്മറി കാർഡ്, സ്പീക്കർ, മൈക്ക്, നെക്ക് ബാൻഡ്, ഹെഡ് ഫോൺ, ബ്ലൂടൂത്ത് തുടങ്ങിയവയും 15,000 രൂപയും അപഹരിച്ചതായാണ് പരാതി.
വേങ്ങാട് ഊർപ്പള്ളി സ്വദേശികളായ ഫാത്തിമ മഹലിൽ കെ.പി. മുഹമ്മദ് ഫസലിന്റെയും അയൽവാസിയായ കെ.വി. ഹൗസിൽ കെ.പി. ഷറഫുദ്ദീന്റെയും ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇതിന് തൊട്ടടുത്ത് പ്രവർത്തിക്കുന്ന ചിറക്കര കെ.ടി.പി മുക്കിലെ പയേരി ഓലിയാട്ട് സിയാദിന്റെ ഉടമസ്ഥതയിലുള്ള ഫോണോ ക്ലബിൽ നിന്ന് ഒരു കാമറ, ടാബ്, ഒരു മൊബൈൽ ഫോൺ എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. പുതിയ ബസ് സ്റ്റാൻഡ് ബൈപാസിനോട് ചേർന്നുള്ള റോഡരികിലാണ് കവർച്ച നടന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
വിൽപനക്കായി സൂക്ഷിച്ച വില കൂടിയതും പഴയതുമായ ഫോണുകളാണ് നെക്സ്റ്റിൽ നിന്ന് മോഷ്ടിച്ചത്. ഫോണുകൾ ഉൾപ്പെടെ ആറ് ലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികൾ നഷ്ടമായിട്ടുണ്ട്. ഫോൺറീചാർജ് ചെയ്ത വകയിൽ വലിപ്പിൽ സൂക്ഷിച്ച 15,000 രൂപയാണ് നഷ്ടപ്പെട്ടത്.
ഷട്ടർ പൂട്ടിടുന്ന രണ്ട് ഭാഗത്തെയും ലിവർ മുറിച്ചാണ് മോഷ്ടാവ് കടയിൽ കയറിയത്. മോഷണ ദൃശ്യം സ്ഥാപനത്തിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവായ യുവാവ് കടയിലെ ഡിസ്േപ്ല കൗണ്ടർ അരിച്ചുപെറുക്കി പണത്തിനായി തിരയുന്നതും മൊബൈൽ ഫോണുകൾ എടുത്ത് സഞ്ചിയിൽ നിക്ഷേപിച്ച് പൊതിയുന്നതും കാമറയിൽ തെളിഞ്ഞിട്ടുണ്ട്.
മുഖം മാസ്ക്കിട്ട് മറച്ച നിലയിലാണ്. വിരലടയാളം പതിയാതിരിക്കാൻ കൈയിൽ തുണിയും കരുതിയിട്ടുണ്ട്. ഫോണോ ക്ലബിൽ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് അകത്ത് കയറിയത്. നെക്സ്റ്റ് പാർട്ണർമാരുടെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായ് മണം പിടിച്ച് എൻ.സി.സി റോഡിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട് വരെയെത്തി. മഴ തുടങ്ങും മുമ്പേ നഗരത്തിൽ മോഷണം നടന്ന സാഹചര്യത്തിൽ നഗരത്തിൽ പൊലീസ് നൈറ്റ് പട്രോളിങ് കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.