സ്ഥിരം ഫിഷറീസ് ഓഫിസർമാരില്ല; മത്സ്യത്തൊഴിലാളികൾ ബുദ്ധിമുട്ടുന്നു
text_fieldsതലശ്ശേരി: ഫിഷറീസ് ഓഫിസുകളിൽ സ്ഥിരം ഓഫിസർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തം. മത്സ്യബന്ധന മേഖലയെയും വിതരണ അനുബന്ധ മേഖലയെയും ആശ്രയിച്ച് ആയിരക്കണക്കിന് തൊഴിലാളികളും കുടുംബങ്ങളും കഴിയുന്ന ജില്ലയാണ് കണ്ണൂർ.
എന്നാൽ, കണ്ണൂർ ആസ്ഥാനമായി രണ്ടും തലശ്ശേരി, പുതിയങ്ങാടി എന്നിവിടങ്ങളിലായി ഓരോ ഫിഷറീസ് ഓഫിസുകളും പ്രവർത്തിക്കുന്നുണ്ട്. അടുത്തകാലം വരെ ഇവിടങ്ങളിൽ എല്ലായിടത്തും സ്ഥിരം ഓഫിസർമാരുണ്ടായിരുന്നു. എന്നാൽ, കുറച്ച് കാലമായി ജില്ലയിലെ ഒരു ഫിഷറീസ് ഓഫിസിലും സ്ഥിരം ഓഫിസർമാരില്ല.
കണ്ണൂർ ഓഫിസിലെ ഫിഷറീസ് ഓഫിസർക്ക് തന്നെയാണ് മറ്റ് മേഖലയിലെ ഓഫിസിന്റെ ചുമതലയും താൽക്കാലികമായി നൽകിയത്. ഇതുകാരണം മത്സ്യവിതരണ അനുബന്ധ തൊഴിലാളികൾ ഏറെ പ്രയാസം അനുഭവിക്കുന്നു.
ആഴ്ചയിൽ ഒരുദിവസമാണ് ഇവിടെ ചുമതലയുള്ള ഓഫിസർ എത്താറുള്ളത്. ഇതുകാരണം തൊഴിലാളികൾക്ക് ക്ഷേമ ബോർഡിൽ കൃത്യമായി അംശാദായം അടക്കാനും അവരുടെ ആനുകൂല്യങ്ങളും മറ്റു സേവനങ്ങളും ലഭിക്കാനും അപേക്ഷ കൊടുക്കാനും സാധിക്കുന്നില്ല.
ജില്ലയിലെ എല്ലാ ഫിഷറീസ് ഓഫിസുകളിലും സ്ഥിരം ഓഫിസർമാരെ നിയമിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് മത്സ്യവിതരണ മേഖലയിലുള്ളവരുടെ ആവശ്യം. ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യവിതരണ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ് സാഹിർ പാലക്കലും ജില്ല ജനറൽ സെക്രട്ടറി കബീർ ബക്കളവും ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.