വിദ്യാഭ്യാസ ഓഫിസിൽ പി.എ ഇല്ല; ബില്ലുകൾ കെട്ടിക്കിടക്കുന്നു
text_fieldsതലശ്ശേരി: ജില്ല വിദ്യാഭ്യാസ ഓഫിസിൽ കഴിഞ്ഞ ഒരു മാസത്തിലധികമായി പേഴ്സനൽ അസിസ്റ്റന്റിന്റെ സേവനമില്ലാത്തതിനാൽ ഫയലുകൾ കെട്ടിക്കിടക്കുന്നു. നേരത്തേയുള്ള ഉദ്യോഗസ്ഥൻ വിരമിച്ചപ്പോൾ പുതിയ നിയമനം നടന്നില്ല. പകരം നോർത്ത് എ.ഇ.ഒ ഓഫിസിലെ സീനിയർ സൂപ്രണ്ടിന് ചുമതല നൽകി.
താമസിയാതെ ഇദ്ദേഹവും സ്ഥലം മാറി. ഡി.ഇ.ഒ ഓഫിസിൽ പുതിയ പി.എയെ നിയമിക്കാത്തതിനാൽ പ്രതിഷേധവുമായി എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ രംഗത്തെത്തി. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ എയ്ഡഡ് സ്കൂളിന്റെയും അധ്യാപകരുടെയും, ജീവനക്കാരുടെയും ഇൻക്രിമെന്റ്, ദിവസവേതനത്തിനായി സമർപ്പിച്ച ബില്ലുകൾ, ഗ്രേഡ്, നിയമന അംഗീകാരം, ബിൽ ഓതന്റിഫികേഷൻ തുടങ്ങിയവയൊക്കെ അനിശ്ചിത്വത്തിലായി.
ഒരു ബിൽ എടുത്താൽ 45 ദിവസത്തിനകം ട്രഷറിയിൽ സമർപ്പിച്ചില്ലെങ്കിൽ ആ ബിൽ റദ്ദാക്കി വീണ്ടും പുതിയ ബിൽ നൽകേണ്ടിവരും. ഇത് ജീവനക്കാർക്ക് സാമ്പത്തിക നഷ്ടത്തിനിടയാക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. തലശ്ശേരി ജില്ല വിദ്യാഭ്യാസ ഓഫിസിൽ സമർപ്പിച്ച പലബില്ലുകളും 40 ദിവസം കഴിഞ്ഞിരിക്കുകയാണ്.
മുഴുവൻ ബില്ലും റദ്ദാക്കി പുതിയ ബിൽ എടുക്കുക എന്നത് ജീവനക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. താൽക്കാലികമായി പി.എയുടെ ചാർജ് കൊടുത്ത് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ല. എത്രയും പെട്ടെന്ന്തന്നെ ഇതിന് പരിഹാരം കാണണമെന്ന് എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ജില്ല വിദ്യാഭ്യാസ ഓഫിസിൽ സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.അസോസിയേഷൻ തലശ്ശേരി വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് സന്തോഷ് കരിയാട്, സെക്രട്ടറി എ.കെ. ഷിജു, ട്രഷറർ പി. സന്തോഷ് കുമാർ, കെ.വി. മനോജ്, ടി.എം. സുനീഷ്, പ്രദീഷ് കൊളവല്ലൂർ, സി. സുജിത്ത്, ടി.പി. സുജിത്ത്, കെ. സിബിൻ, ടി.പി. ഇസ്മയിൽ, പി. രാജീവൻ, രഞ്ജിത്ത് കരാറത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.