കടൽക്കാഴ്ച ആസ്വദിക്കാൻ തലശ്ശേരി കടൽപാലത്ത് തിരക്കേറി
text_fieldsതലശ്ശേരി: തലശ്ശേരി കടൽപാലം പരിസരം ഇപ്പോൾ സഞ്ചാരികളുടെ പറുദീസയാണ്. വൈകുന്നേരങ്ങളിൽ കടൽക്കാഴ്ച ആസ്വദിക്കാൻ കുടുംബസമേതം ആളുകൾ ഇവിടെയെത്തുന്നു. കടലോര നടപ്പാത വന്നതോടെയാണ് ഈ മാറ്റം. വൈകീട്ട് അഞ്ചാകുന്നതോടെ നടപ്പാതയിലെത്തുന്നവർ സൂര്യാസ്തമയം കാണാനായി കൂട്ടംകൂടുകയാണ്.
പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായാണ് കടലോര നടപ്പാത യാഥാർഥ്യമായത്. പഴയ തുറമുഖ ഓഫിസ് മുതൽ കടൽപാലം വരെയുള്ള ഭാഗത്താണ് നടപ്പാത നിർമിച്ചത്. നിർമാണം അവസാന ഘട്ടത്തിലാണ്. പ്രത്യേകം ഇരിപ്പിടവും കാസ്റ്റ് അയേൺ ലൈറ്റുകളും നടപ്പാതയിൽ സജ്ജമാക്കിയിട്ടുണ്ട്. ടൂറിസം വകുപ്പിെൻറ നേതൃത്വത്തിലാണ് നടപ്പാതയൊരുക്കി കടൽതീര സൗന്ദര്യവത്കരണം നടത്തിയത്.
വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിലാണ് നടപ്പാത നിർമിച്ചത്. നേരത്തെ മാലിന്യം കൂട്ടിയിട്ട സ്ഥലമാണ് ഇപ്പോൾ സൗന്ദര്യവത്കരിച്ചത്. രണ്ടുപേർക്ക് ഇരിക്കാവുന്ന 30 സിമൻറ് ഇരിപ്പിടങ്ങളും അലങ്കാര വിളക്കുകളുമാണ് നടപ്പാതയിൽ ഒരുക്കിയത്. പൊലീസിെൻറ നിരീക്ഷണ കാമറയും സ്ഥാപിച്ചിട്ടുണ്ട്. വിനോദത്തിനെത്തുന്നവർക്ക് ലഘുഭക്ഷണത്തിനുള്ള കഫേയുമുണ്ട്.
കടൽപാലം മുതൽ മൊത്ത മത്സ്യമാർക്കറ്റ് വരെയുള്ള ഭാഗവും നവീകരിക്കുന്നുണ്ട്. ചില്ലറ മാർക്കറ്റ് വരെയുള്ള റോഡ് ഇൻറർലോക്ക് ചെയ്ത് നവീകരിച്ചു. പിയർ റോഡ് നവീകരണവും നേരത്തെ പൂർത്തിയാക്കിരുന്നു. ഇവിടെയും അലങ്കാര വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ ചിലത് ഒടിഞ്ഞുവീഴാൻ തുടങ്ങി.
കടൽപാലം ബലപ്പെടുത്താനുള്ള പദ്ധതിയും ആലോചനയിലുണ്ട്. മാരിടൈം ബോർഡ് അധികൃതർ ആറുമാസം മുമ്പ് പാലം പരിശോധിച്ചിരുന്നു. ദ്രവിച്ച തൂണുകൾ ബലപ്പെടുത്തി സംരക്ഷിക്കാനാണ് തീരുമാനം. 1910ൽ നിർമിച്ചതാണ് പാലം. ചരക്ക് കയറ്റിറക്കുമതിയിൽ പെരുമനേടിയ ഈ പാലം കാലപ്പഴക്കത്താൽ നാശോന്മുഖമായി. തൂണുകൾ മുഴുവനായി തുരുമ്പെടുത്തു. മുകൾ ഭാഗത്തെ സ്ലാബുകൾ പലയിടത്തായി അടർന്നുവീണു. പാലത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ടെങ്കിലും ആളുകൾ അതിക്രമിച്ചു കയറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.