വ്യാപാരികളുടെ പ്രതിഷേധം; നവീകരിച്ച റോഡുകൾ തുറന്നു
text_fieldsതലശ്ശേരി: കോൺക്രീറ്റ് ചെയ്ത് നവീകരിച്ച നഗരത്തിലെ എം.ജി റോഡും ജനറൽ ആശുപത്രി റോഡും ശനിയാഴ്ച രാത്രി ഗതാഗതത്തിനായി തുറന്നുകൊടുത്തു. തിങ്കളാഴ്ച റോഡ് തുറന്നില്ലെങ്കിൽ കടയടപ്പ് ഉൾപ്പെടെ പ്രക്ഷോഭം സംഘടിപ്പിക്കാൻ വ്യാപാരി വ്യവസായി സമിതി തീരുമാനിച്ചതിന് പിന്നാലെയാണ് റോഡ് തുറന്നുകൊടുത്തത്.
വിഷു - ഈസ്റ്റർ - പെരുന്നാൾ ആഘോഷം അടുത്തുവരുന്ന സാഹചര്യത്തിൽ റോഡ് തുറന്നുകൊടുക്കാൻ വൈകുന്നത് വ്യാപാര മേഖലക്ക് ആഘാതമുണ്ടാക്കുന്നത് സംബന്ധിച്ച് ‘മാധ്യമം’ ശനിയാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മൂന്ന് മാസമായി റോഡ് അടച്ചിട്ടതിനാൽ ജീവനക്കാർക്ക് കൂലി കൊടുക്കാൻ പോലുമാകാതെ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലായിരുന്നു.
ജനറൽ ആശുപത്രി റോഡിലെയും എം.ജി റോഡിലെയും കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയായെങ്കിലും തുറന്നുകൊടുക്കുന്നത് അനിശ്ചിതമായി നീട്ടി ക്കൊണ്ടുപോവുകയായിരുന്നു. തലശ്ശേരി ടൗണിലെ വ്യാപാര മേഖലക്ക് കനത്ത ആഘാതമാണ് റോഡ് അടച്ചിട്ടത് കാരണമുണ്ടായത്.
പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും രണ്ട് റോഡുകളും പൂർണമായി തുറക്കാത്തതിനാൽ ടൗണിലെ തുണി, ചെരിപ്പ്, ഫാൻസി, ജ്വല്ലറി വ്യാപാരികൾ മൂന്നു മാസമായി കഷ്ടതകളനുഭവിച്ചു. ഹോട്ടൽ വ്യാപാരത്തിലും വലിയ ഇടിവുണ്ടായി. റോഡ് അടച്ചിട്ടതിനാൽ ഗുണ്ടർട്ട് റോഡിൽ സദാസമയവും ഗതാഗതതടസ്സം പതിവായിരുന്നു.
കോൺക്രീറ്റ് ചെയ്ത റോഡിൽ കഴിഞ്ഞ കുറെ ദിവസമായി തലങ്ങും വിലങ്ങുമായി വാഹനങ്ങൾ നിർത്തിയിടുന്ന അവസ്ഥയുമുണ്ടായി. നവീകരണം നടത്തിയ റോഡുകളിലെ ഇരുവശവും അരിക് നിരപ്പാക്കുന്നത് ഉൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികൾ ഇനിയും ചെയ്തുതീർക്കാൻ ബാക്കിയുണ്ട്. ഇത് സമയബന്ധിതമായി ചെയ്തുതീർക്കുമെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.