കതിരൂരിൽ രണ്ട് ബോംബുകൾ കണ്ടെടുത്തു
text_fieldsതലശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിെൻറ ഭാഗമായി സംഘർഷ സാധ്യതയുളള പ്രദേശങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കി. കതിരൂർ മേഖലയിൽ ബക്കറ്റുകളിൽ രഹസ്യമായി സൂക്ഷിച്ചുവെച്ച ഉഗ്രസ്ഫോടക ശേഷിയുള്ള രണ്ട് ബോംബുകൾ കണ്ടെടുത്തു. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂവപ്പാടിയിൽ മംഗലോട്ട് ചാലിൽ ഡോ. സജീവെൻറ ഉടമസ്ഥതയിലുള്ള ആൾപാർപ്പില്ലാത്ത സ്ഥലത്താണ് ബോംബുകൾ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആയുർവേദ മരുന്നുകൾ ഉണ്ടാക്കുന്നത് ഇവിടെ നിന്നാണ്. ഇവിടെ ജോലി ചെയ്യുന്ന സ്ത്രീ വാഴക്കുല വെട്ടാൻ പോയപ്പോഴാണ് രണ്ട് തൈക്കുണ്ടിലായി ബക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ ബോംബുകൾ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ കതിരൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
എസ്.ഐ എൻ. ദിജേഷ്, അഡീഷനൽ എസ്.ഐമാരായ ദിലീപ് ബാലക്കണ്ടി, കെ.സി. അഭിലാഷ്, വിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് ബോംബുകൾ കണ്ടെടുത്തത്.
തുടർന്ന് പ്രദേശത്ത് വ്യാപക പരിശോധനയും നടത്തി. ബോംബുകൾ നിർവീര്യമാക്കി. നേരത്തെ കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊന്ന്യം പുഴക്കരയിൽ നിർമാണത്തിനിടെ ബോംബ് സ്ഫോടനത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു. നിർമിച്ച ഒട്ടേറെ ബോംബുകളും ഇവിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിെൻറ തുടരേന്വഷണം എവിടെയുമെത്തിയിരുന്നില്ല.
പരിക്കേറ്റ നാലുപേരെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ മുന്നിൽക്കണ്ട് പൊലീസ് കതിരൂർ പ്രദേശങ്ങളിൽ പ്രത്യേക പരിശോധനകളും സുരക്ഷയും ഒരുക്കുന്നുണ്ട്. ബോംബ് നിർമാണം വ്യാപകമാണെന്ന സൂചനയെ തുടർന്ന് പൊലീസ് പേട്രാളിങ്ങും ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.