രേഖകളില്ലാത്ത വാഹനം വാങ്ങാൻ തലശ്ശേരിയിലെത്തിയ തമിഴ്നാട്ടുകാരെ കൊള്ളയടിച്ചു; ഒരാൾ അറസ്റ്റിൽ
text_fieldsതലശ്ശേരി: രേഖകളില്ലാത്ത വാഹനം വാങ്ങാൻ തലശ്ശേരിയിലെത്തിയ തമിഴ് നാട്ടുകാരെ നാലംഗ മലയാളി സംഘം കൊള്ളയടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി ഉളിക്കൽ സ്വദേശി നുച്ചിക്കണ്ടത്തിൽ ഇർഷാദാണ് (29) അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ന്യൂമാഹിയിലാണ് കവർച്ച അരങ്ങേറിയത്. നവ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് തമിഴ്നാട് ഈറോഡിലെ ആക്രിക്കച്ചവട ഇടപാടുകാരനായ തേവക്കാട് പാളയം വിജയമംഗലത്തെ സുധാകറും (45) സഹായിയും ട്രെയിനിൽ തലശ്ശേരിയിലെത്തിയത്. സെക്കന്റ് ഹാന്റ് വാഹനങ്ങൾ ചുരുങ്ങിയ വിലക്ക് വാങ്ങി മറിച്ചു വിൽക്കുന്ന സംഘം എത്തി വാഹനം കാണിച്ചുതരാമെന്ന് പറഞ്ഞ് ഇരുവരെയും കാറിൽ കയറ്റി മാഹി ഭാഗത്തേക്ക് കൊണ്ടുപോയി. യാത്രക്കിടയിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തി.
കച്ചവടം ഉറപ്പിച്ച് പണം കൈമാറുന്നതിനിടയിൽ നാലംഗ സംഘം സുധാകറിന്റെ കൈവശമുണ്ടായിരുന്ന പണം തട്ടിപ്പറിച്ചു. ഇയാളെയും സഹായിയെയും കാറിൽ നിന്നും ചവിട്ടിത്തൊഴിച്ച് താഴെ തള്ളിയിട്ട് കടന്നുകളഞ്ഞു. 1,65,000 രൂപ പ്രതികൾ തട്ടിയെടുത്തതായാണ് പരാതി. വിവരം ലഭിച്ച് സ്ഥലത്തെത്തിയ തലശ്ശേരി എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതികളിൽ ഒരാളെ പിടികൂടി. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ടതോടെ മറ്റുള്ളവർ കടന്നുകളഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.