തലശ്ശേരിയിൽ ലഹരിക്കെതിരെ ജാഗ്രത ശക്തമാക്കുന്നു
text_fieldsതലശ്ശേരി: ലഹരി ഉപയോഗം തടയുന്നതിന് തലശ്ശേരിയിൽ ജാഗ്രത ശക്തമാക്കാൻ തീരുമാനം. ഓണം അടുത്ത സാഹചര്യത്തിൽ അന്തർസംസ്ഥാനങ്ങളിൽനിന്നുള്ള ലഹരി ഉൽപന്നങ്ങളുടെ കടത്ത് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ പൊലീസും എക്സൈസും നിതാന്ത ജാഗ്രത പാലിക്കണമെന്നും ആവശ്യമുയർന്നു. ലഹരിക്കെതിരെയുള്ള തലശ്ശേരി നഗരസഭ ജാഗ്രത സമിതി ‘വിമുക്തി’ യോഗത്തിലാണ് തീരുമാനം. ചെറുപ്പക്കാർക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
വാർഡ് തലത്തിലും സ്കൂൾ തലത്തിലുമുള്ള ജാഗ്രത കമ്മിറ്റികൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യോഗം വിലയിരുത്തി. ലഹരിക്കെതിരെ ജനകീയ ഇടപെടലുകൾ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. തലശ്ശേരി നഗരസഭയിലെ 52 വാർഡുകളിലും ഉടനടി ജാഗ്രത സമിതികൾ വിളിച്ചുചേർക്കും. ലഹരി വിൽപന നടക്കുന്ന കേന്ദ്രങ്ങളിലും അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്തും ഉൾപ്പെടെ ശക്തമായ രീതിയിൽ പരിശോധന നടത്താൻ യോഗത്തിൽ ആവശ്യമുയർന്നു.
നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. ജയരാജൻ, നഗരസഭ സെക്രട്ടറിയുടെ പി.എ കെ. സബിത, തലശ്ശേരി പൊലീസ് എ.എസ്.ഐ മഹറൂഫ്, പ്രഫ. എ.പി. സുബൈർ, കെ. മനോഹരൻ, എം.പി. സുമേഷ്, അഡ്വ.കെ.എം. ശ്രീശൻ, പി.വി. രാധാകൃഷ്ണൻ, കെ. വിനയരാജ്, ഹെൻറി, സുനി എന്നിവർ സംസാരിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ളവർ, സ്കൂൾ പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എക്സൈസ് പ്രിവന്റിവ് ഓഫിസർ എൻ.സി. സുകേഷ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.