തലശ്ശേരിയിൽ വെള്ളക്കെട്ട്
text_fieldsതലശ്ശേരി: ബുധനാഴ്ചയുണ്ടായ തോരാത്ത മഴയിൽ ടൗണിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറി. മണിക്കൂറോളം നീണ്ട മഴയിൽ മിക്ക റോഡുകളും വെളളത്തിനടിയിലായി.
നഗരത്തിൽ കുയ്യാലി, നാരങ്ങാപുറം, എം.എം. റോഡ്, മഞ്ഞോടി, പുതിയ റോഡ്, മാടപ്പീടിക, ഇല്ലത്ത്താഴ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. ഇവിടങ്ങളിൽ യാത്ര ദുഷ്കരമായി. തോരാതെയുള്ള മഴയിൽ റോഡിൽ നഗരത്തിൽ പലയിടത്തും ഗതാഗത കുരുക്കും രൂക്ഷമായി.
നഗരത്തിൽ അടുത്ത കാലത്തായി ഉയരം കൂട്ടിയ റോഡുകളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴക്കാല പൂർവ ശുചീകരണം നടത്തിയിട്ടും നഗരത്തിലെ പ്രധാന ഓവുചാലുകളിൽ മാലിന്യം അവശേഷിക്കുകയാണ്. കുയ്യാലി, മാടപ്പീടിക, ഇല്ലത്ത് താഴെ, ടെമ്പിൾ ഗേറ്റ് പുതിയ റോഡ് പ്രദേശങ്ങളിൽ മഴ കനക്കുമ്പോൾ നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളുടെ കോമ്പൗണ്ട് വരെ വെള്ളം ഇരച്ചുകയറുന്ന അവസ്ഥയുണ്ട്.
ധർമടത്ത് നിർമാണത്തിലുള്ള വീടിന്റെ മതിൽ ഇളകിവീണ് നാശനഷ്ടം
തലശ്ശേരി: ധർമടം വെള്ളൊഴുക്കിന് സമീപം പോക്കൂൽ വയലിൽ നിർമാണത്തിലുള്ള വീടിന്റെ ഏഴു മീറ്ററോളം ഉയരമുള്ള കൽമതിൽ അടിത്തറയടക്കം ഇളകി വീണ് താഴെയുള്ള വീടും വാഹനങ്ങളും തകർന്നു. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.
ബിസിനസുകാരനായ എം.പി. ഗംഗാധരനും റിട്ട. അധ്യാപികയായ ഭാര്യ പത്മജയും താമസിക്കുന്ന ശ്രീലക്ഷ്മി വീടാണ് തകർന്നത്. ഏറെ ഉയരത്തിൽ നിന്നും മതിലിന്റെ കല്ലും മണ്ണും ഒന്നാകെ ഇളകി വീണതിനെ തുടർന്ന് താഴെയുള്ള വീടിന്റെ കിടപ്പുമുറി പൂർണമായും തകർന്നു. മറ്റ് ഭാഗങ്ങളിലും കേടുപാടുകളുണ്ടായി.
പോർച്ചിൽ നിർത്തിയിട്ട മാരുതി കാറും ആക്ടിവ സ്കൂട്ടറും തകർന്നു. അപകട സമയം മുറിക്കുള്ളിലായിരുന്ന ദമ്പതികൾ ശബ്ദം കേട്ട് പുറത്തേക്കോടി മാറിയതിനാൽ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. ഉയരത്തിൽ നിന്നുള്ള മതിൽക്കെട്ട് പതിച്ചതിനാൽ വീട് ഒന്നാകെ ഉലഞ്ഞ് അപകടാവസ്ഥയിലായിട്ടുണ്ട്. ചുമരുകളിൽ വിള്ളലുമുണ്ട്. വിവരമറിഞ്ഞ് പരിസരവാസികളും നാട്ടുകാരും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി.
ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്. ധർമടം സ്വദേശി ഷഫീർ പണിയുന്ന വീടിന്റെ മതിലാണ് തകർന്ന് താഴെ പതിച്ചത്. മതിൽ പണിയുന്ന സമയം സുരക്ഷിതത്വത്തെ പറ്റി ഷഫീറിനെ ആശങ്ക അറിയിച്ചിരുന്നതായി ഗംഗാധരനും ഭാര്യയും പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ഈ ഭാഗത്ത് ഇടവിട്ട് ശക്തിയായി മഴ പെയ്തു വരികയാണ്. ഉയരത്തിലുള്ള സ്ഥലത്ത് പണിയുന്ന വീടിന് രണ്ട് ഭാഗത്താണ് ചെങ്കല്ല് കെട്ടിയ മതിലുള്ളത്. ഇതിൽ ഒരു വശത്തുള്ള മതിലാണ് നിലംപൊത്തിയത്.
ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി, വാർഡ് മെംബർ എം.പി. മോഹനൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.എം. പ്രഭാകരൻ, വരച്ചൽ സന്തോഷ്, കുന്നുമ്മൽ ചന്ദ്രൻ, പി.ടി. സനൽകുമാർ, അഭിലാഷ് വേലാണ്ടി, പി. രാജീവൻ, സന്ദീപ് ദാമോദരൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫിസർ ഷനോജ് എന്നിവരും സ്ഥലത്തെത്തി. ധർമടം പൊലീസും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.