തലശ്ശേരി ഗവ. മഹിള മന്ദിരം കതിർമണ്ഡപമായി
text_fieldsതലശ്ശേരി: എരഞ്ഞോളിപ്പാലത്തെ ഗവ. മഹിള മന്ദിരം തിങ്കളാഴ്ച കതിർമണ്ഡപമായി. മന്ദിരത്തിലെ അന്തേവാസി ഷൊർണൂരുകാരി വാസന്തിയും തലശ്ശേരി കുട്ടിമാക്കൂൽ സ്വദേശി അരുൺ കുമാറും തമ്മിലുള്ള വിവാഹത്തിനാണ് മണ്ഡപമൊരുങ്ങിയത്. 12നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിൽ അരുൺ കുമാർ വാസന്തിക്ക് മിന്നുകെട്ടി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി. നഗരസഭാംഗങ്ങളും സാമൂഹിക ക്ഷേമ വകുപ്പ് - പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിന് സാക്ഷികളായി.
ഒരു വർഷം മുമ്പാണ് വാസന്തി തലശ്ശേരി മഹിള മന്ദിരത്തിലെത്തിയത്. മാതാപിതാക്കൾ നഷ്ടപ്പെട്ട വാസന്തി നേരത്തെ കണ്ണൂരിൽ വീട്ടുജോലി ചെയ്തിരുന്നു. വാസന്തിയെ ജീവിതസഖിയാക്കുന്നതിന് അരുൺ കുമാർ മഹിള മന്ദിരം സൂപ്രണ്ടിന് മാസങ്ങൾക്കുമുമ്പ് അപേക്ഷ നൽകിയിരുന്നു. അന്വേഷണങ്ങൾക്കൊടുവിലാണ് വിവാഹത്തിനുള്ള തീയതി തീരുമാനിച്ചതും ഒരുക്കങ്ങൾ നടത്തിയതും. ഡ്രൈവറായി ജോലിനോക്കുന്ന അരുൺ കുമാർ കുട്ടിമാക്കൂൽ പ്രിയ നിവാസിൽ പരേതനായ വി. ഗംഗാധരെൻറ മകനാണ്.
വിവാഹത്തിന് ഒരുലക്ഷം രൂപ സർക്കാർ സഹായമായി അനുവദിച്ചിരുന്നു. നഗരസഭ മുൻകൈയെടുത്ത് പ്രമുഖ വ്യക്തികളുടെ സഹായത്താൽ നാലര പവൻ സ്വർണാഭരണങ്ങളും വസ്ത്രങ്ങളും മറ്റും എത്തിച്ചുനൽകി. വിവാഹത്തിന് ക്ഷണിതാക്കളായി എത്തിയവർക്ക് സദ്യയും വിളമ്പി. മധുര പാലഹാര വിതരണവുമുണ്ടായി.
ജില്ല വനിത - ശിശുക്ഷേമ ഓഫിസർ ഡീന വരദൻ, വിമൻ പ്രൊട്ടക്ഷൻ ഓഫിസർ സുലജ, തലശ്ശേരി അസി. പൊലീസ് കമീഷണർ ടി.കെ. വിഷ്ണുപ്രദീപ് എന്നിവർ മുഖ്യാതിഥികളായി. മഹിള മന്ദിരം മാനേജിങ് കമ്മിറ്റി ചെയർമാൻ ടി.സി. അബ്ദുൽ ഖിലാബ്, കമ്മിറ്റി അംഗങ്ങളായ വാഴയിൽ വാസു, കെ.പി. സുരാജ്, കെ. വിനയരാജ്, വാഴയിൽ ലക്ഷ്മി, കാന്തലോട്ട് വത്സൻ, എൻ. മോഹനൻ, മഹിള മന്ദിരം സൂപ്രണ്ട് എൻ. റസിയ എന്നിവർ നേതൃത്വം നൽകി. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, വൈസ് ചെയർമാൻ വാഴയിൽ ശശി എന്നിവർ വധൂവരന്മാർക്ക് ആശംസ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.