Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും പരക്കെ നാശം; തലായിയിൽ 15 വീടുകൾ തകർന്നു

text_fields
bookmark_border
കാറ്റിലും മഴയിലും പരക്കെ നാശം; തലായിയിൽ 15 വീടുകൾ തകർന്നു
cancel
camera_alt

ത​ല​ശ്ശേ​രി മാ​ക്കൂ​ട്ടം തീ​ര​ദേ​ശ​ത്ത് കാ​റ്റി​ൽ ത​ക​ർ​ന്ന വീ​ട്

തലശ്ശേരി: തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തലായിയിലും മാക്കൂട്ടത്തും പരക്കെ നാശം. കടലോരത്തെ നിരവധി വീടുകൾ കാറ്റിലും മഴയിലും തകർന്നു.

ആഞ്ഞടിച്ച കാറ്റിൽ പതിനഞ്ചോളം വീടുകൾക്ക് കേടുപാടുണ്ടായി. ഇവയിൽ മൂന്ന് വീടുകൾക്ക് കൂടുതൽ നാശനഷ്ടം സംഭവിച്ചു. കാറ്റിൽ മരങ്ങൾ കടപുഴകി വീടുകൾക്ക് മുകളിൽ പതിക്കുകയായിരുന്നു.സതി പുളിക്കൂൽ, അജിത സ്മിത നിവാസ്, സിനോജ് പാറമ്മൽ ഹൗസ്, സുന്ദരൻ നിവേദ്യം ഹൗസ്, രമേശൻ ചേപ്പന്റവിട, സർവോത്തമൻ ശ്രീകൃഷ്, ശൈലേഷ് ശിവസാഗരം, പ്രേമിനി പുളിക്കൂൽ ഹൗസ്, ഊർമിള കുറിച്ചിക്കാരന്റവിട, ശ്യാമള കുറിച്ചിക്കാരന്റവിട, നിഷാന്ത് പുളിക്കൂൽ, വിമല മയ്യഴിക്കാരന്റവിട, പ്രകാശൻ ചേപ്പന്റവിട, സുധീർ കുമാർ പുതിയപുരയിൽ, ഷീല എന്നിവരുടെ വീടുകൾക്കാണ് നാശം നേരിട്ടത്.

മത്സ്യത്തൊഴിലാളികളായ പുതിയ പുരയിൽ സുന്ദരന്റെയും മയ്യഴിക്കാരന്റവിട വിമലയുടെയും പുളിക്കൂൽ രതീഷിന്റെയും വീടിന് മുകളിൽ മരങ്ങൾ വീണാണ് തകർന്നത്.

തലനാരിഴക്കാണ് കുട്ടികളടങ്ങുന്ന കുടുംബങ്ങൾ അപകടത്തിൽനിന്നും രക്ഷപ്പെട്ടത്. രതീഷിന്റെ പുരപ്പുറത്ത് നിരവധി മരങ്ങളാണ് ഒരുമിച്ചുവീണത്. വീട് പൂർണമായും തകർന്ന നിലയിലാണ്.

ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, റവന്യൂ ഉദ്യോഗസ്ഥർ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമായ നടപടികൾ ത്വരിതഗതിയിൽ പൂർത്തിയാക്കാൻ നഗരസഭാധ്യക്ഷ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

മിന്നലേറ്റ് രണ്ട് പശുക്കൾ ചത്തു

പാനൂർ: ചമ്പാട് അരയാക്കൂൽ തോട്ടുമ്മൽ നന്ദാലയത്തിൽ, ഓട്ടോ ഡ്രൈവർ ശ്രീലേഷിന്റെ രണ്ട് വെച്ചൂർ പശുക്കൾ മിന്നലേറ്റ് ചത്തു. തിങ്കളാഴ്ച വൈകുന്നേരത്തെ മിന്നലിലാണ് അപകടം. പൂർണ ഗർഭിണിയായ പശുവടക്കമാണ് ചത്തത്. വീടിന് മുന്നിലെ ആലയിൽ കെട്ടിയിരിക്കുകയായിരുന്നു. പശുക്കിടാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.

മലയോരത്ത് മിന്നലും ചുഴലിക്കാറ്റും

ഇരിട്ടി: വേനൽമഴക്കൊപ്പം എത്തിയ ശക്തമായ ചുഴലിക്കാറ്റിലും ഇടിമിന്നലിലും മലയോര മേഖലയിൽ കനത്ത നാശം. കഴിഞ്ഞ ദിവസം വൈകീട്ട് പായം, അയ്യൻകുന്ന് പഞ്ചായത്തുകളിലായി എട്ടു വീടുകൾ ഭാഗികമായി തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം സംഭവിച്ചു.

മേഖലയിൽ വൈദ്യുതി ബന്ധങ്ങളും കേബിൾ സംവിധാനങ്ങളും താറുമാറായി. മേഖലയിൽ മരം വീണ് 30ഓളം വൈദ്യുതി തൂണുകൾപൊട്ടി. അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ അട്ടയോലിയിൽ ഇടിമിന്നലിൽ മൂന്ന് വീടുകൾക്ക് ഭാഗികമായി നാശം നേരിട്ടു. വീടുകളിലെ വയറിങ് പൂർണമായും കത്തിപോയി. നിരവധി വൈദ്യുതോപകരണങ്ങൾക്കും കനത്ത നാശം നേരിട്ടു. ചെമ്പകശേരി മനോഹരൻ, കിഴക്കെ വേലിൽ ജോണി, ആററിങ്ങൾ നാരായണൻ എന്നിവരുടെ വീടുകൾക്കാണ് നാശം നേരിട്ടത്. മിന്നലിൽ മനോഹരന്റെ വീട്ടുമറ്റത്തെ പ്ലാവിൻ ചുവട്ടിലെ മണ്ണ് ചിതറി കുഴി രൂപംകൊണ്ടു. സംഭവം നടക്കുമ്പോൾ മനോഹരൻ വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു. വയറിങ് പൂർണമായും കത്തി വീട്ടിനുള്ളിൽ പുക നിറഞ്ഞതോടെ കുടുംബം വീട്ടീന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

മുണ്ടയാംപറമ്പ് തെങ്ങോലയിൽ പഴമ്പള്ളി പ്രിൻസിന്റെ വീട് മരം വീണ് ഭാഗികമായി തകർന്നു. വീടിന് സമീപത്തെ കോഴിക്കൂടും തകർന്നു. അപകടം നടക്കുമ്പോൾ പ്രിൻസും ഭാര്യയും ചെറിയ രണ്ടു കുട്ടികളും വീട്ടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പഴമ്പള്ളി ഫിലോമിനയുടെ പറമ്പിലെ 300ഓളം റബർ മരങ്ങളും 100ഓളം വാഴകളും കാറ്റിൽ നിലം പൊത്തി. കഴിഞ്ഞ വർഷം ടാപ്പിങ് തുടങ്ങിയ റബറാണ് നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. കൂറ്റൻ മരങ്ങളും വൈദ്യുതി തൂണുകളും പൊട്ടി വീണ് മുണ്ടയാംപറമ്പ് ക്ഷേത്രം- തെങ്ങോല റൂട്ടിൽ ഗതാഗതം മുടങ്ങി. മേഖലയിൽ വൈദ്യുതി ബന്ധങ്ങൾ പൂർണമായും തകർന്നു. വടക്കേമുറിയിൽ തോമസ്, വടക്കേമുറിയിൽ ജോസ്, വട്ടംതൊട്ടിയിൽ ദേവസ്യ,പുത്തൻപുര കുര്യൻ, പൊടിമറ്റം ബാബു, അശോക് കുമാർ തെക്കേടത്ത് എന്നിവരുടെ റബർ, പ്ലാവ്, വാഴ എന്നിവക്കും നാശനഷ്ടം ഉണ്ടായി.

പായം പഞ്ചായത്തിലെ കുന്നോത്ത് മരംവീണകണ്ടിയിൽ നാലു വീടുകൾ ഭാഗികമായി തകർന്നു. പുലപ്പാടി രവി, കരിമ്പനയ്ക്കൽ മുഹമ്മദ്, നാഗമറ്റത്തിൽ ബേബി, മാത്യു ചുരക്കൂഴി എന്നിവരുടെ വീടുകൾക്കാണ് നാശം നേരിട്ടത്. മരം വീണും ശക്തമായ കാറ്റിൽ മേൽക്കൂരയുടെ ഷീറ്റ് പാറിയുമാണ് നഷ്ടം ഉണ്ടായത്. മേഖലയിലെ മാത്യു വട്ടം തൊട്ടിലിന്റെ ടാപ്പ് ചെയ്യുന്ന 25ഓളം റബർ മരങ്ങളും വാഴയും നശിച്ചു. പുളിവേലിൽ ശിവദാസന്റെ കൃഷിക്കും നാശനഷ്ടം ഉണ്ടായി. ആറളം പഞ്ചായത്തിലെ എടൂർ, പയോറ, ഏച്ചില്ലം ഭാഗങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം മുടങ്ങി. എടൂർ സെഞ്ച്വുറി കേബിളിനും കനത്ത നാശം നേരിട്ടു. ഇവരുടെ ഓപ്റ്റിക്കൽ ഫൈബർ കേബിളുകൾ പലസ്ഥലങ്ങളിലും പൊട്ടി. മേഖലയിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാരും മറ്റ് അംഗങ്ങളും മേഖലയിൽ സന്ദർശനം നടത്തി. രണ്ട് ദിവസത്തെ അവധി കാരണം റവന്യു, കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് യഥാസമയം നഷ്ടക്കണക്കെടുപ്പിന് എത്തിയില്ലെന്ന പാരാതിയും ഉണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:windheavy rain
News Summary - Widespread damage from wind and rain
Next Story