തലശ്ശേരിയിൽ കടകളിൽ പരക്കെ മോഷണം
text_fieldsതലശ്ശേരി: നഗരമധ്യത്തിൽ കടകളിൽ പരക്കെ മോഷണം. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഉസ്നാസ് ടവറിൽ പ്രവർത്തിക്കുന്ന ബേക്കറി ഉൾപ്പെടെ നാലു വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളിയാഴ്ച പുലർച്ച രണ്ടരയോടെ മോഷണം അരങ്ങേറിയത്. ബസ് സ്റ്റാൻഡിനോട് തൊട്ടുചേർന്നുള്ള അടുത്തടുത്ത നാലു സ്ഥാപനങ്ങളിലാണ് ഒരേസമയം മോഷണം നടന്നത്.
എം.ആർ.എ ബേക്കറി, സ്റ്റാൻഡ് വ്യൂ ഫാർമസി, ഷിഫ കലക്ഷൻസ്, മെട്രോ സിൽക്സ് എന്നിവിടങ്ങളിലാണ് മോഷണം. പൂട്ട് പൊളിച്ച് കമ്പിപ്പാര ഉപയോഗിച്ച് ഷട്ടറുകൾ മുകളിലേക്ക് ഉയർത്തിയാണ് നാലിടത്തും മോഷണം നടത്തിയത്.
പണം മാത്രമാണ് നാലിടത്ത്നിന്നും ോമഷ്ടിച്ചതെന്നാണ് പ്രാഥമിക വിവരം. എം.ആർ.എ ബേക്കറി മാനേജർ കതിരൂർ സ്വദേശി പി. ജാഫർ, ഷിഫ കലക്ഷൻസ് റെഡിമെയ്ഡ് സ്ഥാപന ഉടമ കോഴിക്കോട് സ്വദേശി കെ.പി. റഹൂഫ്, സ്റ്റാൻഡ് വ്യൂ ഫാർമസി ഉടമ കടവത്തൂർ പുല്ലൂക്കര കൊച്ചിയങ്ങാടി സ്വദേശി സെയ്ദ് അബൂബക്കർ, മെട്രോ സിൽക്സ് ഉടമ പന്തക്കൽ സ്വദേശി ഇസ്മായിൽ എന്നിവരുടെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സി.ഐ എം. അനിലിന്റെ നേതൃത്വത്തിൽ പൊലീസ് കടകളിലെത്തി പരിശോധിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. കവർച്ച നടത്തിയത് ഒന്നിൽ കൂടുതൽ ആളുകളാണെന്നാണ് നിഗമനം. മോഷണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
നഷ്ടമായത് 2.77 ലക്ഷം
എം.ആർ.എ ബേക്കറിയിൽ നിന്ന് 2,60,000 രൂപ അപഹരിച്ചെന്നാണ് മാനേജറുടെ പരാതി. ഷിഫ കലക്ഷൻസിൽ നിന്ന് 7,000 രൂപയും സ്റ്റാൻഡ് വ്യൂ ഫാർമസിയിൽ നിന്ന് 10,000 രൂപയും അപഹരിക്കപ്പെട്ടു. മെട്രോ സിൽക്സിൽ നിന്ന് കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. സ്ഥാപനങ്ങളിൽ ആസൂത്രിതമായാണ് മോഷണം നടന്നത്.
മേശവലിപ്പുകൾ തുറന്ന് നോക്കുന്നത് സ്ഥാപനങ്ങളിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. മുഖം വെള്ളത്തുണി കൊണ്ട് മറച്ചയാളാണ് മോഷണം നടത്തിയത്. ഒരാൾക്ക് മാത്രം കടക്കാൻ പാകത്തിലാണ് പൂട്ട് പൊളിച്ച് സ്ഥാപനങ്ങളുടെ ഷട്ടർ തുറന്നത്. പുറത്തുനിന്ന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
സാമൂഹിക വിരുദ്ധരുടെ ഇടത്താവളം
പകൽ നേരങ്ങളിൽ ഏറെ തിരക്കുള്ള ഭാഗത്താണ് അർധരാത്രി മോഷണം അരങ്ങേറിയത്. രാത്രിയായാൽ പുതിയ ബസ് സ്റ്റാൻഡ്, തൊട്ടടുത്ത ബ്രദേഴ്സ് ലൈൻ, ഉസ്നാസ് ടവർ, അച്ചൂട്ടി ആർക്കേഡ് പരിസരം, ഷെമി ഹോസ്പിറ്റൽ കോമ്പൗണ്ട് എന്നിവിടങ്ങളിലൊക്കെ സാമൂഹിക വിരുദ്ധരുടെ താവളമാണെന്ന് പരിസരവാസികളും വ്യാപാരികളും പറയുന്നു.
ഷെമി ഹോസ്പിറ്റൽ, അച്ചൂട്ടി ആർക്കേഡ് എന്നിവ കേന്ദ്രീകരിച്ച് ഒറ്റനമ്പർ ചൂതാട്ടവും വ്യാപകമാണ്. ഇവ പരിശോധിക്കാൻ പൊലീസ് തയാറാവുന്നില്ലെന്നാണ് ആരോപണം. നഗരത്തിൽ അടുത്തിടെ നടന്ന മോഷണങ്ങളിലൊന്നും തുമ്പുണ്ടാക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. പുതിയ ബസ് സ്റ്റാൻഡ് പാസഞ്ചർ ലോബിയിൽ പലപ്പോഴും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം വ്യാപകമാണ്. കഴിഞ്ഞ ദിവസം മദ്യപാനിയായ ഒരാൾ ആളുകൾ നോക്കിനിൽക്കെ വയോധികനെ കുത്തിപ്പരിക്കേൽപിച്ച സംഭവവുമുണ്ടായിരുന്നു.
‘വ്യാപാരികൾക്ക് സുരക്ഷ ഉറപ്പാക്കണം’
വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കണമെന്ന് വ്യാപാരി സംഘടന നേതാക്കൾ ആവശ്യപ്പെട്ടു. മോഷണം നടന്ന സ്ഥാപനങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും വ്യാപാരി വ്യവസായി സമിതി നേതാക്കളും സന്ദർശിച്ചു. വ്യാപാരികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.