മത്സ്യബന്ധനത്തിനിടെ കാണാതായ തൊഴിലാളികൾ തിരിച്ചെത്തി
text_fieldsതലശ്ശേരി: തലായി ഗോപാലപ്പേട്ട തുറമുഖത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ മൂന്നുപേർ തിരിച്ചെത്തി. ചാലിൽ മാളികത്താഴത്ത് എം.ടി. ഹനീഫയുടെ സാറാസ് ഫൈബർ തോണിയിൽ കഴിഞ്ഞ 20ന് മത്സ്യബന്ധനത്തിനുപോയ തിരുവനന്തപുരം വലിയപള്ളി സ്വദേശി ഡേവിഡ്സൺ (60), ഗോപാലപ്പേട്ട കിണറ്റിൻകര വീട്ടിൽ നിഷാന്ത് (48), ചാലിൽ ചർച്ച് വളപ്പിലെ ബാബു (55) എന്നിവരാണ് വ്യാഴാഴ്ച ഉച്ചക്കുശേഷം തലായിയിൽ തിരിച്ചെത്തിയത്.
കണ്ണൂർ ഫിഷറീസ് ആൻഡ് മറൈൻ എൻഫോസ്മെന്റാണ് തലായി ഉൾക്കടലിൽനിന്നും ഇവരെ കണ്ടെത്തിയത്. തുടർന്ന് കോസ്റ്റൽ സി.ഐ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ ഇവരെ തലായി തുറമുഖത്ത് എത്തിക്കുകയായിരുന്നു. 20ന് രാവിലെയാണ് ഇവർ മത്സ്യബന്ധനത്തിനായി പോയത്.
നാലു ദിവസമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് തോണി ഉടമ എം.ടി. ഹനീഫ പരാതി നൽകുകയായിരുന്നു. നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും സഹായത്തോടെ ഇവർക്കായി ബുധനാഴ്ചയും തിരച്ചിൽ നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികളും തിരച്ചിലിന് ഒപ്പമുണ്ടായിരുന്നു.
തോണിയിലെ രണ്ട് എൻജിനുകളും തകരാറിലായതാണ് തിരിച്ചെത്താൻ തടസ്സമായതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തലായിയിൽനിന്നും പുറപ്പെട്ടതിന്റെ പിറ്റേ ദിവസമാണ് എൻജിനുകൾ നിലച്ച് തോണി കടലിൽ കുടുങ്ങിയത്. പുറംകടലിലേക്ക് പുറപ്പെട്ട ബോട്ടുകാർ ഇവരെ കണ്ടിരുന്നു. തിരിച്ചുവരുമ്പോൾ ഒന്നിച്ചുമടങ്ങാമെന്ന് ഉറപ്പുനൽകിയിരുന്നു.
എന്നാൽ, സാറാസ് തോണിയിലുണ്ടായിരുന്നവരെ പിന്നീട് കണ്ടെത്താനായില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കരയിലെത്തിയ തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്നാണ് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും ഹെലികോപ്ടർ ഉൾപ്പെടെ എത്തിച്ച് കടലിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. ഒടുവിൽ വ്യാഴാഴ്ച ഉച്ചയോടെ ഇവരെ കണ്ടെത്തുകയായിരുന്നു.
സാധാരണ മത്സ്യബന്ധനത്തിന് പോയാൽ രണ്ടു ദിവസത്തിനകം തിരിച്ചെത്താറുണ്ടായിരുന്നു. വരാൻ വൈകിയതാണ് തലായി തീരദേശ മേഖലയിൽ മൂകത സൃഷ്ടിച്ചത്. ഭക്ഷണസാധനങ്ങൾ കരുതിയതിനാൽ ഇവർ പട്ടിണിയായില്ല.
മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വല നഷ്ടമായിട്ടുണ്ട്. ഉൾക്കടലിൽ കുടുങ്ങിയെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിൽ വലിയ സന്തോഷമുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.